നാറ്റോ അംഗത്വം; ഫിൻലൻഡിനും സ്വീഡനും യു.എസിന്‍റെ ഉറച്ച പിന്തുണയെന്ന് ബൈഡൻ

വാഷിങ്ടൺ ഡി.സി: യൂറോപ്യൻ രാജ്യങ്ങളായ ഫിൻലൻഡിനും സ്വീഡനും നാറ്റോ സൈനികസഖ്യത്തിൽ ചേരാൻ യു.എസിന്‍റെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. ഇരുരാജ്യങ്ങൾക്കുമെതിരായ ഏത് ഭീഷണിയെയും നേരിടാൻ യു.എസ് ഒപ്പമുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു. നാറ്റോ സഖ്യത്തിൽ ചേരാൻ ഫിൻലൻഡും സ്വീഡനും അപേക്ഷ നൽകിയ സാഹചര്യത്തിലാണ് പ്രസ്താവന.

ഇരുരാജ്യങ്ങളും നാറ്റോയിൽ ചേരുന്നത് ട്രാൻസ് അറ്റ്ലാന്‍റിക് മേഖലക്കാകെ നേട്ടമുണ്ടാക്കുമെന്നും ബൈഡൻ പറഞ്ഞു.

അതേസമയം, ഇരുരാജ്യങ്ങളുടെയും തീരുമാനത്തിനെതിരെ കടുത്ത ഭീഷണിയുമായി റഷ്യ രംഗത്തുവന്നിട്ടുണ്ട്. സ്വീഡന്റെയും ഫിൻലൻഡിന്റെയും തീരുമാനം ഗുരുതര അബദ്ധമാകുമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യയുമായി 1300 കി.മീ ദൂരം അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലൻഡ്. സ്വീഡന് റഷ്യയുമായി നാവിക അതിർത്തിയുമുണ്ട്. 30 അംഗ നാറ്റോയിൽ അംഗമാകുന്നതോടെ റഷ്യൻ അതിർത്തി രാജ്യങ്ങളിലേറെയും നാറ്റോക്ക് നിയന്ത്രണമുണ്ടാകും.

നാറ്റോയിൽ ചേരാനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സാധാരണ നാറ്റോയിൽ അംഗത്വമെടുക്കാന്‍ എട്ട് മുതൽ 12 മാസം വരെ സമയമെടുക്കും. എന്നാൽ റഷ്യയിൽ നിന്ന് നോർഡിക് രാജ്യങ്ങൾ നേരിടുന്ന ഭീഷണി കണക്കിലെടുത്ത് പ്രക്രിയ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയെ ഭയന്നാണ് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ നാറ്റോയിൽ ചേക്കേറാൻ താൽപര്യമെടുക്കുന്നത്. ഏറെയായി ഒരു പക്ഷത്തും നിൽക്കാതെ നിലയുറപ്പിച്ചിരുന്ന സ്വിറ്റ്സർലൻഡും അവസാനം അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോയുമായി സഹകരണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് പക്ഷേ, അംഗത്വമെടുക്കില്ലെങ്കിലും സജീവ സൈനിക സഹകരണം ഉറപ്പാക്കാനാണ് ഒരുങ്ങുന്നത്. അടുത്ത സെപ്റ്റംബറിലെ സ്വിസ് പാർലമെന്റ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കൂ.

Tags:    
News Summary - Biden says US will support Finland, Sweden during NATO bids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.