ഇസ്‍ലാമാബാദ്: പാകിസ്താനിൽ നവാസ് ശരീഫ് നാലാമതും പ്രധാനമന്ത്രിയാകുമെന്നുറപ്പായി. സഖ്യസർക്കാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രിപദ മോഹത്തിൽനിന്ന് പിന്മാറുകയാണെന്ന് പാകിസ്താൻ പീപ്ൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭുട്ടോ പ്രഖ്യാപിച്ചു.
പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്) നേതാവായ നവാസ് ശരീഫിനെ പുറമെനിന്ന് പിന്തുണക്കും. രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഒഴിവാക്കാനാണ് തീരുമാനമെന്നും പാർട്ടി സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിനുശേഷം ബിലാവൽ വിശദീകരിച്ചു. മുസ്‍ലിം ലീഗുമായി ചേർന്ന് സഖ്യ സർക്കാർ രൂപവത്കരിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെട്ടു. നവാസ് ശരീഫ് തന്നെ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ശഹ്ബാസ് ശരീഫ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇമ്രാൻ ഖാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനും ബിലാവൽ ശ്രമിച്ചെങ്കിലും അവർ താൽപര്യം പ്രകടിപ്പിച്ചില്ല. തുടർന്നാണ് നവാസ് ശരീഫിന് പ്രശ്നാധിഷ്ഠിത പിന്തുണ നൽകി സർക്കാർ രൂപവത്കരണത്തിന് സഹായിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളാണ് 266 അംഗ സഭയിലെ 101 സീറ്റുകളും നേടിയത്. നവാസ് ശരീഫിന്റെ പാർട്ടിക്ക് 75 സീറ്റും ബിലാവലിന്റെ പാർട്ടിക്ക് 54 സീറ്റുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.