മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു. 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും അവസാനം കുറിച്ചത്. വേർപിരിയുമെങ്കിലും ബിൽ– മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാനാണ് ഇരുവരുടെയും തീരുമാനം.
'ഒരുപാട് ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകും' -ഇരുവരും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ബ്ലൂംബർഗ് ബിസിനസ് ഇൻഡെക്സിന്റെ കണക്കുകൾ പ്രകാരം ഇരുവർക്കുമായി 145 ബില്യൺ ഡോളർ ആസ്തിയുണ്ട്. ഇരുവരും നേതൃത്വം നൽകുന്ന ബിൽ– മെലിൻഡ ഫൗണ്ടേഷൻ ലോകത്തിലെ ഏറ്റവും മികച്ച ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ്.
വനിതകളുടെ അവകാശ സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50 ദശലക്ഷം ഡോളർ ചെലവഴിച്ചിരുന്നു.
65കാരനായ ബിൽഗേറ്റ്സ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ലോകത്ത് നാലാമനാണ്. 56കാരിയായ മെലിൻഡ മുമ്പ് മൈക്രോസോഫ്റ്റിൽ മാനേജരായിരുന്നു. ബില്ലും മെലിൻഡയും ഫൗണ്ടേഷന്‍റെ കോ-ചെയർമാൻമാരും ട്രസ്റ്റികളുമായി തുടരുമെന്ന് ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ ആമസോൺ സ്ഥാപകനായിരുന്ന ജെഫ് ബെസോസിന്‍റെ വിവാഹമോചനവും വലിയ വാർത്തയായിരുന്നു. വിവാഹ മോചനത്തോടെ ലോകത്തെ ഏറ്റവും ധനികയായ സ്ത്രീകളിലൊരാളായി മാറുകയായിരുന്നു ബെസോസിന്‍റെ 48കാരിയായ മുൻ ഭാര്യ മക്കൻസി സ്കോട്.
25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് 2019 ജനുവരിയിൽ ഇരുവരും പിരിഞ്ഞത്. വിവാഹമോചന കരാർ പ്രകാരം ബെസോസ് സമ്പത്തിന്‍റെ നാല് ശതമാനം മക്കൻസിക്ക് നൽകേണ്ടി വന്നു. 35.7 ബില്യൺ ഡോളർ മൂല്യമുള്ള ആമസോണിന്‍റെ 19.7 ദശലക്ഷം ഓഹരികളാണ് മക്കൻസിക്ക് ലഭിച്ചത്. ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ജീവനാംശമാണിത്. തന്‍റെ സമ്പത്തിന്‍റെ വലിയൊരു പങ്ക് അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.