ലണ്ടൻ: ഗസ്സയിൽ സഹായം എത്തിക്കുന്നതുപോലും ഇസ്രായേൽ മുടക്കുന്നത് യുദ്ധക്കുറ്റമാണെന്ന് യു.എൻ. ഭക്ഷണമുൾപ്പെടെ അവശ്യ സഹായം നിഷേധിക്കപ്പെടുന്ന ഗസ്സയിലെ ലക്ഷങ്ങൾ ഏറ്റവും കടുത്ത പട്ടിണിയാണ് അനുഭവിക്കുന്നതെന്നും പട്ടിണിക്കിടൽ യുദ്ധരീതിയായി സ്വീകരിക്കുകയെന്ന യുദ്ധക്കുറ്റമാണ് അരങ്ങേറുന്നതെന്നും യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വോൾകർ ടർക് പറഞ്ഞു. വടക്കൻ ഗസ്സയിലെ മൂന്നുലക്ഷം ഫലസ്തീനികളാണ് ഏറ്റവും കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിൽ കഴിയുന്നത്. ഇവിടേക്ക് സഹായ ട്രക്കുകൾ ഇസ്രായേൽ മുടക്കുന്നത് തുടർക്കഥയാവുകയാണ്.
ഗസ്സയിൽ ഭക്ഷണമെത്തിക്കാൻ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. അതിനിടെ, ഇസ്രായേലിന് ആയുധ വിതരണം നിർത്താനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഓക്സ്ഫാം അമേരിക്ക, ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്നിവ ബൈഡൻ ഭരണകൂടത്തിന് കത്തയച്ചു.
എഫ്-35 യുദ്ധവിമാനങ്ങളടക്കം അത്യാധുനിക ആയുധങ്ങൾ പുതുതായി നൽകുന്ന 350 കോടി ഡോളറിന്റെ ഏറ്റവും പുതിയ പാക്കേജ് അനുമതിക്കായി കോൺഗ്രസിനുമുന്നിൽ വെക്കാനിരിക്കെയാണ് ആവശ്യം. നിരവധി രാജ്യങ്ങൾ ഇസ്രായേലിന് ആയുധ കയറ്റുമതി അടുത്തിടെ നിർത്തിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച കാനഡയും ആയുധ കയറ്റുമതി നിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.