ബാങ്കോക്ക്: മ്യാൻമർ നേതാവ് ഓങ്സാൻ സൂചിക്കെതിരെ 11ാമത്തെ അഴിമതിക്കേസ് കൂടി ഫയൽ ചെയ്യാനൊരുങ്ങി സൈനിക ഭരണകൂടം. കൈക്കൂലി വാങ്ങിയത് മറച്ചുവെച്ചുവെന്നാരോപിച്ചാണ് പുതിയ കേസ്. 15 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. അന്നുമുതൽ തടവിലാണ് സൂചി.
സൂചിക്കെതിരായ കേസുകൾ അടിസ്ഥാനമില്ലാത്തതാണെന്ന് അവരുടെ അനുയായികളും മനുഷ്യാവകാശ സംഘങ്ങളും വ്യക്തമാക്കിയിരുന്നു. 2023ൽ മ്യാന്മറിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൈന്യത്തിന്റെ പ്രഖ്യാപനം. അതിൽ ഭാഗവാക്കാവുന്നതിൽ നിന്ന് സൂചിയെ വിലക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ലൈസൻസില്ലാതെ വാക്കിടോക്കി കൈവശം വെച്ചതിനും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ആറുവർഷം തടവുശിക്ഷ അനുഭവിക്കുകയാണവർ. ഔദ്യോഗിക രഹസ്യ നിയമങ്ങൾ ലംഘിച്ച കുറ്റത്തിന് വിചാരണ നേരിടുന്നുമുണ്ട്. കുറ്റം തെളിഞ്ഞാൽ 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
രക്തസമ്മർദ്ദം താഴ്ന്ന് കടുത്ത ക്ഷീണമുള്ളതിനാൽ 76കാരിയായ സൂചിക്കെതിരെ രഹസ്യമായി ചുമത്തിയ കേസിന്റെ വിചാരണ വ്യാഴാഴ്ച മാറ്റിയിരുന്നു. അവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിടുന്നില്ല. എന്നാൽ വെള്ളിയാഴ്ച അഞ്ച് അഴിമതിക്കേസുകളിൽ വിചാരണ പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.