ചിത്രം: Reuters

യുക്രെയ്നിൽ റഷ്യൻ അനുകൂല സർക്കാറിന് ശ്രമം -ബ്രിട്ടൻ

ലണ്ടൻ: യുക്രെയ്നിൽ റഷ്യൻ പിന്തുണയുള്ള രാഷ്ട്രീയനേതാവിനെ അധികാരത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമം നടത്തുകയാണെന്ന് ബ്രിട്ടൻ. ഇതി​ന്‍റെ ഭാഗമായി യുക്രെയ്നിലെ നിരവധി മുൻരാഷ്ട്രീയ നേതാക്കളുമായി റഷ്യൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ നിരന്തരം ബന്ധം പുലർത്തുകയാണെന്നും മുൻ എം.പി യുവേഗൻ മുറായേവിനെ മുന്നിൽ നിർത്തിയാണ് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നതെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ആരോപിച്ചു.

യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തുമോ എന്ന ആശങ്കക്കിടെയാണ് ബ്രിട്ട​ന്‍റെ ആരോപണം. മേഖലയിൽ സംഘർഷം വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് റഷ്യ പിന്തിരിയണമെന്നും ട്രസ് ആവശ്യപ്പെട്ടു. അതേസമയം, ആരോപണത്തി​ന്‍റെ സ്രോതസ്സിനെ കുറിച്ച് വെളിപ്പെടുത്താൻ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം തയാറായില്ല. യു​ക്രെയ്നിൽ അധിനിവേശം നടത്തി പാവസർക്കാർ സ്ഥാപിക്കാൻ മുതിർന്നാൽ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ചുമത്തുമെന്നും ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റഅബ് മുന്നറിയിപ്പു നൽകി.

2019ലെ തെരഞ്ഞെടുപ്പിൽ അഞ്ചുശതമാനം വോട്ടുകൾക്കാണ് മുറായേവി​ന്‍റെ പാർട്ടി പരാജയപ്പെട്ടത്. റഷ്യൻ അനുകൂല പ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് മുറായേവി​ന്‍റെ ഉടമസ്ഥതയിലുള്ള നാഷ് ടി.വി ചാനൽ കഴിഞ്ഞ വർഷം അടച്ചുപൂട്ടാൻ ശ്രമം നടന്നിരുന്നു. മൈകോള അസറോവ്, സെർജി അർബുസോവ്, ആൻഡ്രി ക്ലുയേവ്, വൊളോഡിമിർ സിവ്കോവിച് എന്നിവരാണ് റഷ്യൻ ബന്ധമുള്ള യുക്രെയ്നിലെ മറ്റ് രാഷ്ട്രീയ നേതാക്കളെന്നാണ് ബ്രിട്ടൻ വെളിപ്പെടുത്തിയത്.

ത​ന്‍റെ രാജ്യത്തിന് പുതിയ നേതൃത്വമാണ് ആവശ്യമെന്ന് കഴിഞ്ഞദിവസം മുറായേവ് പ്രസ്താവിച്ചിരുന്നു. അതിനിടെ, യുക്രെയ്നിൽ അധിനിവേശം നടത്താൻ പദ്ധതിയില്ലെന്ന് ആവർത്തിച്ച റഷ്യ ഇത്തരത്തിലുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത് ബ്രിട്ടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ യുക്രെയ്ൻ അതിർത്തിയിൽ ഒരുലക്ഷം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്.

യുക്രെയ്ൻ പരാമർശം: ജർമൻ നാവിക മേധാവി രാജിവെച്ചു

ബർലിൻ: യുക്രെയ്ൻ വിഷയത്തിൽ വിവാദപരാമർശം നടത്തി പുലിവാലുപിടിച്ച ജർമൻ നാവിക മേധാവി രാജിവെച്ചു. 2014ൽ റഷ്യയിൽ ലയിച്ച ക്രിമിയൻ ഉപദ്വീപ് യുക്രെയ്ന് ഒരിക്കലും തിരിച്ചെടുക്കാനാവില്ലെന്നായിരുന്നു വൈസ് അഡ്മിറൽ കായ്-അചിം ഷോൻബാകിന്‍റെ പ്രതികരണം. വെള്ളിയാഴ്ച ഇന്ത്യയിൽ നടന്ന പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു അദ്ദേഹത്തി​ന്‍റെ പരാമർശം. യഥാർഥത്തിൽ യുക്രെയ്ൻ മണ്ണിലെ ചെറിയൊരു ഭാഗം പിടിച്ചെടുക്കാൻ റഷ്യ ആഗ്രഹിച്ചിട്ടില്ല.

ശുദ്ധ അബദ്ധമാണിത്. സമ്മർദമുണ്ടാക്കാനാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടി​ന്‍റെ ശ്രമം. യൂറോപ്യൻ യൂനിയനെ എങ്ങനെ പിളർക്കാൻ സാധിക്കുമെന്ന് പുടിന് നന്നായി അറിയാം...ഇങ്ങനെയായിരുന്നു പ്രസംഗം. യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി മറ്റ് രാജ്യങ്ങൾ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ പരാമർശം വിവാദമാവുകയായിരുന്നു. രോഷാകുലരായ യുക്രെയ്ൻ വിശദീകരണം ആവശ്യപ്പെട്ട് ജർമൻ അംബാസഡറെ വിളിപ്പിക്കുകയും ചെയ്തു. അതിനു പിന്നാലെ ഷോൻബാക് രാജിവെക്കുകയായിരുന്നു.

Tags:    
News Summary - Britain accuses Russia seeking to replace Ukraine government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.