ലണ്ടൻ: റഷ്യക്കെതിരായ ഉപരോധം കടുപ്പിക്കാൻ ലോകനേതാക്കളെ ഒരുമിപ്പിക്കാൻ ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടും സംയുക്ത ചർച്ച നടത്തും. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ സമാഹരിക്കാനുള്ള നടപടികളുടെ തുടക്കമാണിതെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
റഷ്യൻ ആക്രമണത്തിന് ശേഷം, യുക്രെയ്നിലെ അജയ്യരായ ജനങ്ങൾക്ക് ലോകം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് നമ്മൾ സാക്ഷികളായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. പുടിന് മാത്രമേ യുക്രെയ്നിലെ ദുരിതം പൂർണമായി അവസാനിപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക സമ്മർദം കുറക്കാൻ യുക്രെയ്ൻ ബജറ്റിലേക്ക് നേരിട്ട് നൽകാൻ 100 ദശലക്ഷം യു.എസ് ഡോളർ അധികം ബ്രിട്ടൻ വകയിരുത്തിയിരുന്നു.
പുടിനുമായി അടുപ്പമുള്ള റഷ്യൻ ധനാഢ്യന്മാർക്കെതിരെയും അവരുടെ ബ്രിട്ടനിലെ ആസ്തികൾക്കെതിരെയും നടപടിയെടുക്കുന്ന സാമ്പത്തിക കുറ്റകൃത്യ ബില്ലിലെ ഭേദഗതികളിൽ പാർലമെന്റിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. അതിനിടെ, യു.കെയിലേക്ക് കുടുംബബന്ധമുള്ള അഭയാർഥികൾക്കായുള്ള പദ്ധതി പ്രകാരം 50 യുക്രെയ്ൻകാർക്ക് വിസ അനുവദിച്ചതായി യു.കെ ആഭ്യന്തര മന്ത്രാലയ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.