ഡിസംബർ 31ന് അർധരാത്രിയോടെ യൂറോപ്യൻ യൂനിയെൻറ ഭാഗമല്ലാതായി മാറിയെങ്കിലും ബ്രിട്ടീഷ് ജനതയെ കാത്ത് കാത്ത് നിരവധി പ്രശ്നങ്ങൾ
മൂന്നു പ്രധാനമന്ത്രിമാരും അതിലേറെ വർഷങ്ങളുമുണ്ടായിട്ടും നടക്കാതെ പോയ 'ബ്രക്സിറ്റ്' ഒടുവിൽ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ബ്രിട്ടൻ എന്ന പഴയ 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യ'ത്തിൽ ഇനി ഒറ്റ യൂറോപ് എന്ന സങ്കൽപത്തിന് ഇടമില്ല. വ്യാപാരം, സഞ്ചാരം, കുടിയേറ്റം, സുരക്ഷ തുടങ്ങി എല്ലാറ്റിലും ഇതുവരെയും തീരുമാനമെടുക്കാൻ ബ്രസൽസിലേക്ക് വിമാനം കയറേണ്ടിയിരുന്നുവെങ്കിൽ ഇനി ലണ്ടനിലിരുന്നാൽ മാത്രം മതി. പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ എന്ന പഴയ മാധ്യമ പ്രവർത്തകൻ ആഘോഷം തുടങ്ങിക്കഴിഞ്ഞെങ്കിലും ബ്രിട്ടീഷ് ജനതക്ക് എത്രത്തോളം ബോധിച്ചിട്ടുണ്ടെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
മാറ്റങ്ങൾ സർവത്ര
ബ്രിട്ടനിലെ ചില മാധ്യമങ്ങളിൽ പ്രത്യാശ മാത്രമേ വായിക്കാനുള്ളൂവെങ്കിലും സത്യം വേറെ ചിലതു കൂടി ചേർന്നതാണെന്ന് പ്രതിപക്ഷം പറയുന്നതിലുമുണ്ട് കാര്യം. യൂറോപ്യൻ യൂനിയെൻറ ഭാഗമായപ്പോൾ അംഗ രാജ്യങ്ങളിലേക്ക് യാത്ര എപ്പോഴും എങ്ങനെയുമാകാമായിരുന്നുവെങ്കിൽ അത് അവസാനിച്ചിരിക്കുന്നു. പകരം പോയിൻറ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനം നടപ്പിൽ വന്നുകഴിഞ്ഞു. എന്നുവെച്ചാൽ, വിസയില്ലാത്ത അയൽരാജ്യ യാത്ര ഇനി നിശ്ചിത ദിവസങ്ങൾ മാത്രമേ പാടുള്ളൂ. 90 ദിവസത്തിൽ കൂടിയാൽ വിസ വേണം. തിരിച്ച് ബ്രിട്ടനിലുള്ള മറ്റു രാജ്യക്കാരും സമാന കടമ്പ തരണം ചെയ്തേ പറ്റൂ.
പ്രതികളെ തിരഞ്ഞും കേസ് അന്വേഷിച്ചും യൂറോപ് മുഴുക്കെ കറങ്ങിനടന്ന ബ്രിട്ടീഷ് പൊലീസിന് ഇനി അതു നടക്കില്ല. എന്നു മാത്രമല്ല, യൂറോപ്യൻ യൂനിയന് പൊതുവായുള്ള വിവര ശേഖരവും ബ്രിട്ടന് മാത്രം ലഭിക്കില്ല. മത്സ്യബന്ധനത്തിൽ പോലും പുതുതായി നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു.
വെല്ലുവിളികളുടെ സ്വർഗത്തിൽ
നാലു വർഷവും 27 ആഴ്ചയും രണ്ടു ദിവസവും മുമ്പ് 2016ൽ പാസാക്കിയ നിയമമാണ് വാദവാഗ്വാദങ്ങളുടെ പരമ്പരകൾ പിന്നിട്ട് 2021 ജനുവരി ഒന്നിന് നടപ്പാകുന്നത്. അന്ന് നടന്ന ഹിത പരിശോധനയിൽ പ്രതീക്ഷയോടെ വോട്ടു ചെയ്തവരിൽ പലരും പക്ഷേ, പിന്നീട് പിന്മാറിയെങ്കിലും രാഷ്ട്രീയ ആയുധമെന്ന നിലക്ക് ഭരണകൂടങ്ങൾ പിൻവാങ്ങിയില്ല. ഏറ്റവുമൊടുവിൽ അതിനായി ഏറ്റവും ശക്തമായി രംഗത്ത് നിലയുറപ്പിച്ച ബോറിസ് ജോൺസൺ പ്രധാനമന്ത്രിയുമായി. യൂറോപിൽ കോവിഡ് ഏറ്റവും അപായകരമായി ബാധിച്ച രാജ്യം അതേ അസുഖത്തിെൻറ രണ്ടാം വരവിൽ വിറങ്ങലിച്ചുനിൽക്കെയാണ് ഒടുവിൽ ബ്രക്സിറ്റ് നടപ്പിൽ വരുന്നത്.
നിയമം നടപ്പാകുകയും ബ്രിട്ടൻ ഇ.യുവിന് പുറത്തെത്തുകയും ചെയ്തെങ്കിലും ഇനി എന്തൊക്കെ വരാനിരിക്കുന്നുവെന്നതാണ് കാര്യമായി രാജ്യം കാത്തുനിൽകുന്നത്. ചരക്കു ഗതാഗതത്തെ പോലും ചുവപ്പുനാടകൾ കാത്തിരിക്കുന്നു. നടപടിക്രമങ്ങൾ പലതും ഇനിയും പൂർത്തിയാക്കാത്തതാണ് അതിലേറെ വലിയ വെല്ലുവിളി. കെൻറ് പോലുള്ള അതിർത്തികളിൽ വാഹനങ്ങൾ ആയിരക്കണക്കിന് കെട്ടിക്കിടക്കുന്നത് പുതിയ കാഴ്ച.
സ്കോട്ലൻറിന് പുറത്തുപോകണം, ബ്രിട്ടനിൽനിന്നോ?
ആദ്യ നാൾ മുതൽ ബ്രെക്സിറ്റിനെതിരെ നിലയുറപ്പിച്ച സ്കോട്ലൻറ് പുതുവർഷപ്പുലരിയിലും തങ്ങളുടെ നയം വ്യക്തമാക്കികഴിഞ്ഞു. അവർക്കിനി യൂറോപ്യൻ യൂനിയനിൽ മാത്രം അംഗമായാൽ പോരാ, സ്വതന്ത്രവുമാകണം. എന്നുവെച്ചാൽ ഇതുപോലൊരു ബ്രിട്ടെൻറ ഭാഗമായി തുടരാൻ നിക്കൊളാ സ്റ്റർഗണിനും നാട്ടുകാർക്കും താൽപര്യമില്ല. അയർലൻറ് എടുത്ത നിലപാടും ബ്രിട്ടീഷ് ഗവൺമെൻറിന് തലവേദന തീർക്കുന്നതാണ്. കാര്യങ്ങൾ കൂടുതൽ കുഴമറിഞ്ഞ് മുന്നോട്ടുപോയാൽ ബ്രിട്ടീഷ് സർക്കാറിനെ കാത്തിരിക്കുന്നത് ചെറിയ പ്രതിസന്ധികളല്ലെന്ന് വ്യക്തം. ബ്രക്സിറ്റ് പരിഹാരമാണോ അതല്ല പ്രശ്നമായോ എന്നാണ് ലോകം അറിയാൻ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.