കഴിഞ്ഞ ദിവസം ട്രംപിെൻറ വംശീയപ്പട അമേരിക്കയുടെ ഭരണസിരാകേന്ദ്രം കൈയടക്കിയ സംഭവത്തിനു ദൃക്സാക്ഷിയായ 'ദ ഇൻഡിപെൻഡൻറ്' ലേഖകൻ റിച്ചാർഡ് ഹാളിന്റെ വിവരണം
ഇൗ പ്രഭാഷണം മുമ്പും പലതവണ ട്രംപ് നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതൽ രണ്ടു മാസത്തോളമായി റാലികളിലും പ്രചാരണപരിപാടികളിലും ഇതേ നുണകളും ഗൂഢാലോചന സിദ്ധാന്തങ്ങളും തന്നെയാണ് അയാൾ ആവർത്തിച്ചത്. എന്നാൽ ഇത്തവണ ഒരു വ്യത്യാസം തോന്നി. പ്രസിഡൻറ് പദത്തിെൻറ പ്രതീകമായ വൈറ്റ്ഹൗസിനു മുന്നിൽനിന്നായിരുന്നു പ്രഭാഷണം. വാഷിങ്ടൺ സ്മാരകം വരെ നീണ്ട വഴിയിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് അനുയായികളുടെ മുന്നിൽ. അതിെൻറ രംഗവിതാനം, പശ്ചാത്തലം, ജനരോഷം, ആവേശം_ എല്ലാം ഫാഷിസത്തിെൻറ നാറ്റമടിക്കുന്നതായിരുന്നു.
മറ്റൊരു വ്യത്യാസവും ഇത്തവണ കണ്ടു. അനുയായികൾക്ക് അവരുടെ ക്രോധം പ്രകടിപ്പിക്കാനുള്ള വേദി തുറന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അപഹരിക്കപ്പെട്ടതോടെ രാജ്യവും ഭാവിയുമൊക്കെ കവർച്ച ചെയ്യപ്പെട്ടു എന്നു പറഞ്ഞ ശേഷം ഇനി അവരുടെ ആഗ്രഹപൂർത്തീകരണത്തിന് എന്തുവഴി എന്നും പറഞ്ഞുവെച്ചു. റോഡിൽ ഒരു മൈൽ അകലെ കാപിറ്റലിൽ ഏഴു ദശലക്ഷത്തിലേറെ വോട്ടുകൾക്ക് തനിക്ക് നഷ്ടമായ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കോൺഗ്രസ് സർട്ടിഫൈ ചെയ്യാൻ പോകുകയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാൻ നിയമവിധേയവും വിരുദ്ധവുമായ എല്ലാം പയറ്റിനോക്കിയ അദ്ദേഹം അവസാനത്തെ അപായകരമായ ആയുധം പുറത്തെടുത്തു.
''നമ്മുടെ ജനാധിപത്യത്തിനെതിരായ ഇൗ അറുവഷളൻ ആക്രമണത്തെ നേരിടാൻ ഇനി കോൺഗ്രസിനു നേരെ തിരിയുകയാണ്. നമ്മളൊന്നായി മുന്നോട്ടു നടക്കും, ഞാനും ഒപ്പമുണ്ടാകും. നമ്മൾ കാപിറ്റലിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. അവരിൽ ചിലരെയൊന്നും അത്ര സന്തോഷിപ്പിക്കുന്നതാവില്ല നമ്മുടെ ഇൗ പ്രയാണം. കാരണം, നമ്മുടെ രാജ്യത്തെ നിങ്ങൾ ദുർബലമായി വീണ്ടെടുക്കുകയില്ല. നിങ്ങൾക്ക് കരുത്ത് കാണിക്കാനുണ്ട്. നിങ്ങൾ കരുത്താർജിക്കുകയും വേണം'' -അദ്ദേഹം തുടർന്നു.
പറഞ്ഞുതീരും മുേമ്പ ജനം നീങ്ങി. സൈനികവേഷത്തിലുള്ള ഒരു കൂട്ടം ആളുകൾക്കു പിറകിലായി ഞാൻ നടന്നു. അവർ ഒരു റേഡിയോ മെഗാഫോണായി ഉയർത്തിപ്പിടിച്ചിട്ടുണ്ട്, ട്രംപിെൻറ പ്രസംഗം കേൾക്കാനാവുന്ന വിധത്തിൽ. പലതരം ആൾക്കൂട്ടങ്ങളായിരുന്നു അത്. സായുധസംഘങ്ങൾ, പ്രൗഡ് ബോയ്സ്, കാൽമുട്ടിൽ ഉറയും ബനിയനും വേഷമാക്കിയവർ, പടയാളികളെപ്പോലെ ഡ്രസ് ചെയ്തവർ എല്ലാം അതിലുണ്ട്.
കാപിറ്റലിലേക്കു നയിക്കുന്ന റോഡിൽ ഒരുപറ്റം ട്രംപ് പതാകകൾ പിടിച്ച് കന്യാമറിയം സ്തോത്രവുമായി പ്രാർഥനാനിമഗ്നരാണ്. അപ്പുറത്ത് പാറിക്കളിക്കുന്ന ഭീമൻ പോസ്റ്ററിൽ അമേരിക്കൻ വിപ്ലവയുദ്ധത്തെ കുറിക്കുന്ന 1776 എന്നെഴുതിയിട്ടുണ്ട്. ട്രംപിെൻറ മുഖവും ആ പേരുമാണെങ്ങും.
ഞാൻ കാൽനടയായി കാപിറ്റലിലെത്തി. ആയിരക്കണക്കിന് പ്രതിഷേധക്കാർ ചെറിയ സുരക്ഷാവേലികൾ ചാടിക്കടന്ന് കാപിറ്റൽ കെട്ടിടത്തിെൻറ ചവിട്ടുപടികൾക്കു താഴെ നിൽപാണ്. ഒരു മുന്നൊരുക്കവുമില്ലാത്ത കാപിറ്റൽ പൊലീസ് നിരയുമായി നേരിയ ഒരു അകലത്തിലാണ് നിൽപ്. പിറകിൽനിന്ന് തിരക്കു കൂടുേമ്പാഴൊക്കെ മുന്നിലുള്ളവർ അക്രമാസക്തരായി. ഒരു ഡസൻ ആളുകളെങ്കിലും പൊലീസിനെ തിരക്കി നോക്കുന്നുണ്ട്.
കെട്ടിടത്തിനകത്ത് കോൺഗ്രസ്, ജോ ബൈഡനുള്ള ഇലക്ടറൽ കോളജ് വോട്ടുകൾക്ക് അംഗീകാരം നൽകാനുള്ള നടപടിക്രമത്തിലാണ്. വാർത്താശകലങ്ങൾ ജനത്തിനിടയിലേക്ക് തിരയടിച്ചെത്തിക്കൊണ്ടിരുന്നു. എന്നാൽ അതൊന്നും വലിയ കാര്യമായി അനുഭവപ്പെട്ടില്ല. ജനം പിന്നെയും മുന്നോട്ടു ഇരച്ചതോടെ പൊലീസ് കുരുമുളക് സ്പ്രേയും കണ്ണീർവാതകവും മാറിമാറി പ്രയോഗിച്ചു. തിങ്ങിനിറഞ്ഞ ജനത്തിനിടയിലേക്ക് അവർ ഗ്രനേഡുകൾ എറിഞ്ഞു.
ഒന്നും ഏശിയില്ല. ആളുകൾ പിന്നെയും പിന്നെയും വന്നുകൊണ്ടേയിരുന്നു. വേഷപ്രച്ഛന്നരായ ചിലർ വിദേശ യുദ്ധഭൂമികളിലെ സൈനിക ജനറൽമാരെ പോലെ തോന്നിച്ചു. ''സൈനികരേ, മുന്നോട്ട്, മുന്നോട്ട്'' എന്ന് ഒരാൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. നിറഞ്ഞുതൂവിയ കണ്ണുകളോടെ മുന്നിൽനിന്ന് ഒരു കൂട്ടം പിൻവാങ്ങുേമ്പാൾ അവരെ പിന്തിരിപ്പിക്കുകയാണ് ജനക്കൂട്ടം.
യുദ്ധനാടകം കളിക്കുന്നവരിൽനിന്ന് അൽപം മാറിനിന്ന് ചില കുടുംബങ്ങൾ സെൽഫിയെടുക്കുന്നതു കണ്ടു. ചിലർക്ക് അത് കൂട്ടുകാരോട് അഭിമാനപൂർവം അനുസ്മരിക്കാനുള്ള ജനാധിപത്യത്തിെൻറ അതിശയകരമായ പ്രകടനദിനമായിരുന്നു. മറ്റു ചിലർക്ക് അത് ഏറെയായി കാത്തിരുന്ന ആഭ്യന്തരയുദ്ധത്തിെൻറ ആദ്യഷോട്ടുകളായിരുന്നു. അതിനിടെ ആൾക്കൂട്ടം തിക്കിത്തിരക്കി ആ ചവിട്ടുപടികളുടെ ഒരു വശത്ത് മി. ബൈഡെൻറ ഉദ്ഘാടനത്തിനു കെട്ടിയുയർത്തിയ വേദിക്കരികിലേക്ക് എത്തി.
കുറച്ചു കഴിയുേമ്പാൾ അതാ, ഏതാനും പ്രതിഷേധക്കാർ ബാൽക്കണിയിൽ കയറിനിൽക്കുന്നു. അവർ ''യു.എസ്.എ, യു.എസ്.എ'' എന്നും ''അമേരിക്കയെ സ്വന്തമാക്കാൻ ചൈനയെ അനുവദിക്കില്ല'' എന്നും ''ആരുടെ ഹൗസ്, നമ്മുടെ ഹൗസ്'' എന്നും ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരുന്നു. അവിടെ അടിമത്തത്തിെൻറ പ്രതീകമായ കോൺഫഡറേറ്റ് പതാക ഒന്നിലേറെ പാറുന്നതു കണ്ടു. കോൺഗ്രസ് വോെട്ടടുപ്പ് നടക്കുന്ന കെട്ടിടത്തിെൻറ പ്രവേശനകവാടത്തിനടുത്തേക്ക് ആളുകൾ പ്രവേശിച്ചുകൊണ്ടിരുന്നു. മോശം മുദ്രാവാക്യങ്ങളാണ് അവർ മുഴക്കിയത്. ഹൗസ് സ്പീക്കർ നാൻസി പെലോസിയെ കഴുവിലേറ്റണമെന്ന് പലവട്ടം വിളിച്ചുപറഞ്ഞു. അതൊരു ഫാഷിസ്റ്റ് ആൾക്കൂട്ടത്തിെൻറ ഭാഷയായിരുന്നു; ഡോണൾഡ് ട്രംപിെൻറ ഫിൽറ്റർ ചെയ്യാത്ത ഭാഷ.
അപ്പോൾ, ടീഷർട്ട് ധരിച്ച ഒരു ഡസൻ പേർ േജണലിസ്റ്റുകളെ ആക്രമിക്കാൻ ആക്രോശിക്കുന്നതു കേട്ടു. അതോടെ എെൻറ െഎഡൻറിറ്റി മറച്ചുപിടിച്ച് ഞാനും പ്രതിഷേധക്കാരിലൊരാളായി ചേർന്നു.
''സർട്ടിഫിക്കേഷൻ നിർത്തിവെച്ചു. നമ്മൾ ജയിച്ചു'' എന്നാരോ ആർത്തുവിളിച്ചു. അപ്പുറത്തുള്ള മറ്റൊരു ആൾക്കൂട്ടത്തിലേക്ക് ഞാൻ കയറിനിന്നു. പൊലീസുമായി പിടിയും വലിയും നടത്തി അവർ ഒരുവിധം ലോബിയിലെത്തി. അപ്പോൾ ഞാൻ സെനറ്റ് ഹാളിന് അകത്തെത്തിക്കഴിഞ്ഞിരുന്നു. കെട്ടിടത്തിനകത്ത് വലിയൊരു ജനസഞ്ചയം തന്നെയുണ്ട്. സെനറ്റ് ചേംബറിലേക്കു നീങ്ങാനുള്ള ശ്രമത്തിനിടെ ഒരു വനിത വെടിയേറ്റ് മരിച്ചുവീഴുന്നതു കണ്ടു. നിമിഷങ്ങൾക്കു ശേഷം കണ്ണീർവാതകം എല്ലാവരെയും ലോബിയിൽനിന്നു പുറത്തുകടത്തി.
''ഇത് ചരിത്രം'' -ഒരാൾ അട്ടഹസിച്ചു. ആളുകൾ പിന്നെയും െസൽഫികളെടുത്തു. മണിക്കൂറുകൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുകഴിഞ്ഞപ്പോൾ സെനറ്റർമാർ കാപിറ്റലിലേക്കു മടങ്ങി, െതരഞ്ഞെടുപ്പിെൻറ അംഗീകാരനടപടികളിൽ അവശേഷിച്ചത് പൂർത്തിയാക്കി. കാപിറ്റൽ കെട്ടിടത്തിൽ നടന്ന ആക്രമണം ജനാധിപത്യത്തിനെതിരായ അതിക്രമമാണെന്ന് വിശേഷിപ്പിച്ച് റിപ്പബ്ലിക്കന്മാർ അപലപന പ്രസ്താവനയിറക്കി. അപ്പോൾ താഴെ റോഡിൽ കുറച്ചുമുമ്പ് ആക്രമണം നടത്തിയവരെല്ലാം ബസുകളിലും ട്രെയിനുകളിലുമായി ചിരിച്ചുകളിച്ച് മടക്കയാത്ര തുടങ്ങിയിരുന്നു.
പ്രസിഡൻറിെൻറ ഇളക്കിവിടൽ ഇന്നു തുടങ്ങിയതല്ല. മാസങ്ങളായി, വർഷങ്ങളായി പടച്ചുണ്ടാക്കിയതാണ്. കാപിറ്റൽ കെട്ടിടത്തിലേക്ക് ജനം ഇരച്ചുകയറിയത് നേരത്തേ കണക്കുകൂട്ടിയതാണ്.
ഡോണൾഡ് ട്രംപ് തന്നെയാണ് ഇപ്പോഴും പ്രസിഡൻറ് എന്നും െഡമോക്രാറ്റുകൾ കമ്യൂണിസ്റ്റുകളുടെ കൂടെ രാജ്യം കൈയടക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ഒരു ബദൽ യാഥാർഥ്യത്തിലേക്ക് സമൂഹത്തിലൊരു വിഭാഗം പരുവപ്പെടുത്തപ്പെട്ടതിെൻറ ഫലമാണ് ഇന്നലെ കണ്ടത്. അവർ ഇനിയും ഏതു നിമിഷവും തലയുയർത്താം, അതേ, ഡോണൾഡ് ട്രംപിെൻറ ഫാഷിസ്റ്റ് ഉൗഴത്തിന് ഇന്നലെ അന്ത്യം കുറിച്ചെന്നു പറയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.