2030ഓടെ ചൈനക്ക് ആയിരം ആണവായുധങ്ങളുണ്ടാകുമെന്ന് പെന്‍റഗൺ റിപ്പോർട്ട്; വർധനവ് അതിവേഗമെന്ന്

വാഷിങ്ടൺ ഡി.സി: ചൈന വൻതോതിലുള്ള ആണവായുധ വികസനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പെന്‍റഗൺ റിപ്പോർട്ട്. നേരത്തെ കരുതിയതിലും വേഗത്തിലാണ് വർധനവ്. 2027ഓടെ 700 ആണവായുധങ്ങൾ ത‍യാറായിട്ടുണ്ടാകും. 2030ഓടെ ആയിരം ആണവായുധങ്ങൾ ചൈനക്കുണ്ടാകും -പെന്‍റഗൺ ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ആണവായുധങ്ങൾക്കായുള്ള ഗവേഷണം, വികസനം, ആണവായുധങ്ങൾ വിക്ഷേപിക്കാനുള്ള കര-വ്യോമ-ജല മാർഗങ്ങളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം എന്നിവ അതിവേഗം നടത്തുകയാണ്. യു.എസ് കോൺഗ്രസിന് പ്രതിരോധ വകുപ്പ് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.

ആണവായുധങ്ങളുടെ കാര്യത്തിൽ മുൻനിരയിലുള്ള ചൈനയേയും റഷ്യയേയും പോലെ ചൈന ഒരു ആണവ ത്രയം സൃഷ്ടിക്കുകയാണ്. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും തൊടുക്കാവുന്ന മിസൈലുകളിൽ ആണവായുധം ഉപയോഗിക്കാവുന്ന ശേഷി കൈവരിക്കുകയാണ്.

കഴിഞ്ഞ വർഷത്തെ പെന്‍റഗൺ റിപ്പോർട്ടിൽ പറഞ്ഞത്, 2030ഓടെ ചൈനക്ക് 200 ആണവായുധങ്ങൾ മാത്രമേ വികസിപ്പിക്കാൻ സാധിക്കൂവെന്നായിരുന്നു. ആണവായുധ മേഖലയിലെ ചൈന‍യുടെ വേഗത ആശങ്കയുണ്ടാക്കുന്നതാണെന്ന് യു.എസ് പ്രതിരോധ വൃത്തങ്ങൾ പറയുന്നു. ചൈനയുടെ ഉദ്ദേശ്യശുദ്ധിയിൽ തന്നെ സംശയങ്ങളുണ്ട്. ആണവായുധ വികസനം സംബന്ധിച്ച് ബൈജിങ് കൂടുതൽ സുതാര്യത വരുത്തേണ്ടതുണ്ടെന്നും പെന്‍റഗൺ വൃത്തങ്ങൾ പറഞ്ഞു. 

Tags:    
News Summary - China Could Have 1,000 Nuclear Warheads Ready By 2030, Says Pentagon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.