ഗെമി ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിലമർന്ന ചൈനീസ് ഗ്രാമം    - ഫോട്ടോ: എ.എഫ്.പി

പ്രളയത്തിലും മണ്ണിടിച്ചിലിലും ചൂടിലും ഉഴറി ചൈനയും

ബെയ്ജിങ്: അടിക്കടിയുള്ള പ്രളയവും മണ്ണിടിച്ചിലും കൊടിയ ചൂടും ഒരേസമയം ചൈനയെ ചുഴറ്റുന്നതായി റി​പ്പോർട്ട്. രാജ്യം അതി​ന്‍റെ ഏറ്റവും വലിയ വെള്ളപ്പൊക്ക സീസണി​ലൂടെയാണ് കടന്നുപോവുന്നത്. ഈ വർഷം ഇതുവരെ 25 വെള്ളപ്പൊക്കങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗങ്ങളും വരൾച്ചയും അടക്കം വന്യമായ കാലാവസ്ഥാ പ്രതിസന്ധിയാണ് ഈ വേനൽക്കാലത്ത് ചൈനയെ ബാധിച്ചത്.

റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയതുമുതൽ 1998നുശേഷം ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം ചൈന ഇതിനകം അഭിമുഖീകരിച്ചു. 1961ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ജൂലൈ ആണ് കഴിഞ്ഞുപോയതെന്നും അധികൃതർ പുറത്തുവിട്ടു. ഇതുവരെയായി 3,683 നദീ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 81 പർവത വെള്ളപ്പൊക്ക ദുരന്ത മുന്നറിയിപ്പുകളും നൽകിയിട്ടുണ്ടെന്ന് ഒരു വാർത്താസമ്മേളനത്തിൽ അധികൃതർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6.5 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതൊഴിവാക്കാൻ 99 ശതകോടി ലിറ്റർ പ്രളയജലം വഴിതിരിച്ചുവിട്ട് 5,000ത്തോളം ജലസംഭരണികൾ പ്രവർത്തനക്ഷമമാക്കി.

കഴിഞ്ഞ ആഴ്ച ചൈനയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ഗെമി ചുഴലിക്കാറ്റ് ഉണ്ടാക്കിയ വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു. ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷികളും കന്നുകാലികളും നശിക്കുകയും ​ചെയ്തു.പാലം തകർന്ന് നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

കാലാവസ്ഥാ മാനദണ്ഡത്തിൽനിന്ന് വ്യതിചലിച്ചതാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായതെന്ന് ദേശീയ കാലാവസ്ഥാ അധികൃതർ തുറന്നുപറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന കാർബൺ ലോകത്തിൽ ഏറ്റവും കൂടുതൽപുറന്തള്ളുന്നത് ചൈനയാണ്. 2030ഓടെ ഏറ്റവും ഉയർന്ന തോതിൽ ഇത് എത്തുമെന്നും പുനരുപയോഗ പദ്ധതികൾവഴി 2060​തോടെ ഇതി​ന്‍റെ നിരക്ക് പൂജ്യത്തിലെത്തിക്കുമെന്നും ചൈന പ്രതിജ്ഞയെടുക്കുകയുണ്ടായി. കാർബൺ ബഹിർഗമനം കുറക്കാനായി മറ്റെല്ലാ രാജ്യങ്ങളും ഒന്നിച്ചുള്ളതിനേക്കാൾ ഇരട്ടി കാറ്റ്- സൗരോർജ്ജ ശേഷി ചൈന ഒരുക്കുന്നതായും കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോർട്ടുകൾ കാണിക്കുന്നു.

അതിനിടെ, രാജ്യത്തെ നിലവിടെ ഉയർന്ന താപനിലയും മഴയും അടുത്ത 10 ദിവസങ്ങളിൽ തുടരുമെന്ന് കരുതുന്നു. വെള്ളിയാഴ്ച ഷാങ്ഹായിൽ 40​ ഡിഗ്രി സെൽഷ്യസ് വരെയുള്ള കടുത്ത ചൂടിന് റെഡ് അലർട്ട് നൽകി. ഹാങ്സൂവിൽ 43ഡിഗ്രി വരെ എത്താൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റി​ന്‍റെ സീസണും ഓഗസ്റ്റ് അവസാനംവരെ ഉണ്ടാവും.

Tags:    
News Summary - China sees highest number of significant floods since records began

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.