ബെയ്ജിങ്: തായ്വാന് കനത്ത മുന്നറിയിപ്പുമായി ചൈന തായ്വാൻ ദ്വീപിനു സമീപം ത്രിദിന സൈനികാഭ്യാസം ആരംഭിച്ചു. പ്രസിഡന്റ് സായ് ഇങ് വെൻ യു.എസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തിയതാണ് പ്രകോപനം. ‘‘ഇത് തായ്വാനും മേഖലയിൽ ഇടപെടുന്ന വിദേശ ശക്തികൾക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ്. പ്രകോപനം തുടർന്നാൽ രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ പ്രത്യക്ഷത്തിലുള്ള സൈനിക ഇടപെടലിന് മടിക്കില്ല’’ -പീപ്ൾസ് ലിബറേഷൻ ആർമി വക്താവ് പറഞ്ഞു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും ദ്വീപിന്റെ സുരക്ഷക്കായി അനുയോജ്യമായ പ്രതികരണങ്ങൾ ആവശ്യമായ സമയത്ത് നടത്തുമെന്നും തായ്വാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
തായ്വാൻ ജനത ജനാധിപത്യം ഇഷ്ടപ്പെടുന്നവരും സമാധാനം കാംക്ഷിക്കുന്നവനുമാണെന്ന് പ്രസിഡന്റ് സായ് ഇങ് വെൻ പറഞ്ഞു. തായ്വാൻ അധീനതയിലുള്ള ഫുജിയാൻ പ്രവിശ്യയിലെ ലൂയാൻ തീരത്തിനു സമീപം ചൈനീസ് യുദ്ധക്കപ്പലിൽനിന്ന് മിസൈൽ പരീക്ഷണവും അഭ്യാസപ്രകടന ഭാഗമായുള്ള വെടിവെപ്പും നടത്തി. പ്രദേശത്ത് തീയും പുകയും ഉയരുന്നത് കാണാം. മത്സ്യബന്ധന ബോട്ടുകളും കാർഗോ കപ്പലുകളും ഈ ഭാഗത്തേക്കു പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 42 ചൈനീസ് വിമാനങ്ങളും എട്ടു യുദ്ധക്കപ്പലുകളും സമുദ്രാതിർത്തി ലംഘിച്ചതായി തായ്വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, യു.എസ് വിദേശകാര്യ സമിതി ചെയർമാൻ മിഖായേൽ മക്കൗളിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം തായ്വാൻ സന്ദർശിക്കുന്നുണ്ട്. തായ്വാൻ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് സന്ദർശനം. യു.എസിന് തായ്വാനുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലെങ്കിലും അന്താരാഷ്ട്ര തലത്തിലെ അവർക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്നത് യു.എസാണ്. തായ്വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. തായ്വാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളോട് ചൈനക്ക് കടുത്ത എതിർപ്പാണ്. യു.എസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി തായ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പുതന്നെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.
മധ്യ അമേരിക്കൻ രാജ്യങ്ങളായ ഗ്വാട്ടമാല, ബെലീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കിടെയാണ് അവർ അനൗദ്യോഗിക സന്ദർശന ഭാഗമായി യു.എസിലെത്തിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ അന്നത്തെ യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചപ്പോഴും ചൈന ദ്വീപിനടുത്ത് വൻ സൈനികാഭ്യാസം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.