മാധ്യമപ്രവർത്തകൻ ഷെൻ ഷിവി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച ഭൂട്ടാനിലെ ചൈനീസ് ഗ്രാമത്തി​െൻറ ചിത്രം

ഭൂട്ടാനിൽ ചൈനീസ് ഗ്രാമമെന്ന് റിപ്പോർട്ട്; നിഷേധിച്ച് ഭൂട്ടാൻ, ശരിയെന്ന് തെളിയിച്ച് ഭൂപടം

ന്യൂഡൽഹി: തങ്ങളുടെ പ്രദേശം കൈയേറി ചൈന ഗ്രാമം സ്ഥാപിച്ചു എന്ന റിപ്പോർട്ട് ഭൂട്ടാൻ നിഷേധിക്കുന്നുണ്ടെങ്കിലും ശരിയെന്ന് തെളിയിച്ച് ഭൂപടം. ഭൂട്ടാനിൽ രണ്ടു കിലോമീറ്റർ ഉള്ളിലായി ചൈന ഒരു ഗ്രാമം സൃഷ്ടിച്ചെന്ന് ചിത്രങ്ങളടക്കം ചൈനീസ് മാധ്യമ പ്രവർത്തകൻ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇത് പിന്നീട് പിൻവലിക്കുകയും ചെയ്തു.

തങ്ങളുടെ മണ്ണിൽ ചൈനീസ് ഗ്രാമമുണ്ടെന്ന വാർത്തകൾ ഭൂട്ടാൻ നിഷേധിക്കുന്നുണ്ടെങ്കിലും ഇത് തെളിയിക്കുന്ന ഭൂട്ടാൻ സർക്കാറിൻ്റെ സീലുള്ള മാപ്പ് എൻഡിടിവി പുറത്തുവിട്ടു. 2017ൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ദിവസങ്ങളോളം മുഖാമുഖം നിന്ന ഡോക്ലാമിന് ഒമ്പതു കിലോമീറ്റർ അടുത്താണ് ഈ ചൈനീസ് ഗ്രാമം.

അതേസമയം, ഭൂട്ടാനിൽ ചൈനീസ് ഗ്രാമങ്ങളില്ലെന്ന് ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ മേജർ ജനറൽ വെറ്റ്സോപ് നംഗ്യെൽ വാർത്താ ഏജൻസികളോട് പറഞ്ഞു. അതിർത്തി വിഷയങ്ങൾ സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. എന്നാൽ, ചൈനയും ഭൂട്ടാനും തമ്മിൽ അതിർത്തി സംബന്ധമായ ചർച്ചകൾ നടത്തിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

പാംഗ്ഡ ഗ്രാമം അടയാളപ്പെടുത്തിയ ഭൂട്ടാൻ ഭൂപടം

ചൈനീസ് സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള സി.ജി.ടി.എന്നിലെ ന്യൂസ് പ്രൊഡ്യുസർ ഷെൻ ഷിവിയാണ് ചൈനീസ് ഗ്രാമത്തിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ''ഇപ്പോൾ പുതുതായി നിർമിച്ച പാംഗ്ഡ ഗ്രാമത്തിൽ സ്ഥിരം താമസക്കാരുണ്ട്. യാഡോങ് കൗണ്ടിയിൽ നിന്ന് 35 കിലോമീറ്റർ തെക്കാണിത്" എന്ന കാപ്ഷനും അദ്ദേഹം നൽകി. പിന്നീട് ഈ ട്വീറ്റ് പിൻവലിച്ചു.

ഭൂട്ടാന്റെ ഭാഗത്ത് രണ്ടു കിലോമീറ്റർ ഉള്ളിലേക്കുവരെ ചൈനീസ് ഗ്രാമമായ പാംഗ്ഡ വ്യാപിച്ചുകിടക്കുന്നത് മാപ്പിൽ വ്യക്തമാണ്. ഇന്ത്യയും ഭൂട്ടാനുമായുള്ള അതിർത്തി ഇല്ലാതാക്കാനുള്ള ചൈനയുടെ ശ്രമമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ചൈനീസ് ഗ്രാമവുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെ ഭൂട്ടാൻ തളളിയത് വിചിത്രമെന്നും അസത്യമെന്നുമാണ് ആസ്ത്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉപഗ്രഹചിത്ര നിരീക്ഷകനായ നഥാൻ റൂസർ അഭിപ്രായപ്പെടുന്നത്. ഭൂട്ടാൻ അതിർത്തിയിൽ നിന്ന് 2.5 കിലോമീറ്റർ ഉള്ളിൽ ചൈന ഗ്രാമം പണിതെന്ന് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധമുള്ള ഭൂട്ടാനും ഇന്ത്യയുമായി അതിർത്തി തർക്കമുള്ള ചൈനയും തമ്മിലുള്ള ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. ചൈനയും ഭൂട്ടാനും തമ്മിൽ നയതന്ത്ര ബന്ധമില്ല. എന്നാൽ, അതിർത്തി തർക്കം സംബന്ധിച്ച് നിശ്ചിത കാലയളവിൽ ഉദ്യോഗസ്ഥതല ചർച്ച നടക്കാറുണ്ട്. അടുത്തിടെ 24 തവണയാണ് ഇത്തരം ചർച്ച നടന്നത്.

ഇന്ത്യയാകട്ടെ, കൊറോണ വാക്സിൻ വികസിപ്പിച്ചെടുത്താലുടൻ ഭൂട്ടാന് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉടൻ ഭൂട്ടാനീസ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയാറെടുപ്പിലുമാണ് ഇന്ത്യ.

Tags:    
News Summary - China Sets Up Village Within Bhutan, 9 Km From Doklam Face-Off Site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.