ഗ്ലാസ്ഗോ: ആഗോള താപവർധനവ് നിയന്ത്രിക്കുന്നതിന് പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്ന രാജ്യങ്ങളായ യു.എസും ചൈനയും ധാരണയിലെത്തി. ഗ്ലാസ്ഗോയിൽ നടന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിക്കിടെയാണ് ഇരുരാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ആഗോള താപവർധനവ് രണ്ട് ഡിഗ്രി സെന്‍റിഗ്രേഡ് പരിധി ലംഘിക്കരുതെന്ന 2015ലെ പാരിസ് ഉച്ചകോടിയിലെ തീരുമാനം യാഥാർഥ്യമാക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ അറിയിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കുന്നതിനും ആഗോളതാപനത്തിന്‍റെ ആഘാതങ്ങളിൽനിന്ന് ദുർബലരായ രാജ്യങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പാരിസ് ഉടമ്പടിയിലെ നിർദേശങ്ങൾ എങ്ങനെ യാഥാർഥ്യമാക്കാമെന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ചർച്ച നടത്തുന്നതിനിടെയാണ് നിർണായക പ്രഖ്യാപനം.
മറ്റു ഭിന്നതകളെല്ലാം മാറ്റിവെച്ച് കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാൻ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ഇതിനായി കൃത്യമായ ഇടവേളവകളിൽ കൂടിക്കാഴ്ച നടത്തും. 2050ഓടെ കാർബൺ ന്യൂട്രൽ രാജ്യമാകുമെന്ന് യു.എസ്. നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2060ഓടെ സീറോ എമിഷൻ രാജ്യമാകുമെന്ന് ചൈനയും വ്യക്തമാക്കിയിരുന്നു.
യു.എൻ മേധാവി അന്‍റോണിയോ ഗുട്ടറെസ് ഇരുരാജ്യങ്ങളുടെയും സഹകരണത്തെ സ്വാഗതം ചെയ്തു. കാലാവസ്ഥ വ്യതിയാനം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും ഐക്യവും അനിവാര്യമാണെന്നും ആ വഴിയിലുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.