വാഷിങ്ടൺ/ബെയ്ജിങ്: അത്‍ലാന്റിക് സമുദ്രത്തിന് മുകളിൽ ചൈനയുടെ ബലൂൺ യു.എസ് സൈന്യം വെടിവെച്ചിട്ടതിന് പിറകെ കടുത്ത പ്രതികരണവുമായി ചൈന. ചാരബലൂണെന്ന് യു.എസ് ആരോപിക്കുന്ന ആളില്ലാത്ത സൈനികേതര ബലൂൺ വെടിവെച്ച് വീഴ്ത്തിയതിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.
ജനുവരി 28ന് അമേരിക്കൻ ആകാശത്തെത്തിയ ബലൂൺ ശനിയാഴ്ച ഉച്ചക്ക് 2.39നാണ് (ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.09ന്) യു.എസ് നോർത്തേൺ കമാൻഡ് യുദ്ധവിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ചാണ് തകർത്തത്.
സൗത്ത് കരോലൈനയിലെ അമേരിക്കൻ തീരത്ത് നിന്ന് 9.65 കിലോമീറ്റർ അകലെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ കടലിൽ പതിച്ച ബലൂണിന്റെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടങ്ങി. വിർജീനിയയിലെ ലാങ് ലെ എയർ ഫോഴ്സ് ക്യാമ്പിൽ നിന്നുള്ള യുദ്ധവിമാനത്തിലെ മിസൈലാണ് ബലൂൺ തകർത്തത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് യു.എസ് സൈന്യം അറിയിച്ചു.
ബലൂൺ വീഴ്ത്തിയത് അന്താരാഷ്ട്ര കീഴ്വഴക്കങ്ങളുടെ കടുത്ത ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അനിവാര്യമായ പ്രതികരണമുണ്ടാകും. ബലൂണിന്റെ ഉടമസ്ഥരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ബലൂൺ വീഴ്ത്തിയതിനെതിരായ രൂക്ഷമായ പ്രതികരണങ്ങൾ നേരിടാൻ ഒരുങ്ങിയിരിക്കാനും ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകി. ബലൂൺ ഉടൻ വെടിവെച്ചിടാൻ താനാണ് നിർദേശം നൽകിയതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ഉയരങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ പ്രദേശങ്ങൾ നിരീക്ഷിക്കാനുള്ള ചാര സംവിധാനമാണ് ബലൂണെന്നാണ് യു.എസിന്റെ ആരോപണം. എന്നാൽ, കാലാവസ്ഥ ഗവേഷണം നടത്തുന്ന ‘ആകാശക്കപ്പൽ’ വഴിതെറ്റി യു.എസ് അതിർത്തി മുകളിലെത്തിയതാണെന്നാണ് ചൈനയുടെ വിശദീകരണം.
മൂന്ന് ബസുകളുടെ വലുപ്പമുള്ളതാണ് ബലൂൺ. 11 കിലോമീറ്ററിനുള്ളിൽ തെറിച്ചുവീണ ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനാണ് യു.എസിന്റെ ശ്രമം. ജനുവരി 28ന് അലാസ്കയിലെത്തിയശഷം 30ന് കനേഡിയൻ ആകാശത്തേക്ക് ബലൂൺ നീങ്ങിയിരുന്നു. ജനുവരി 31ന് വീണ്ടും യു.എസ് ആകാശത്ത് എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.