തായ്പേയ്: ബെയ്ജിങ്ങിന് അനഭിമതനായ ലായ് ചിങ് ടെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ തായ്വാന് ചുറ്റും ചൈന സൈനികാഭ്യാസം നടത്തുന്നു. തായ്വാൻ ജനങ്ങൾക്കിടയിൽ യുദ്ധഭീതി ഉയർന്നിട്ടുണ്ട്. ചൈനയോട് ചേർന്നുള്ള തായ്വാൻ മേഖലകളായ കിൻമെൻ, മാറ്റ്സു, വുഖി, ഡോംഗ്യിൻ എന്നിവിടങ്ങളിലേക്കും സൈനിക അഭ്യാസ പ്രകടനമെത്തുമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
അധികാരമേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ തന്നെ ചൈന സൈനിക രാഷ്ട്രീയ ഭീഷണികൾ അവസാനിപ്പിക്കണമെന്നും തായ്വാൻ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ലായ് ചിങ് ടെ വ്യക്തമാക്കിയിരുന്നു. ജനുവരിയിൽ തായ്വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ദ്വീപിനുസമീപം ചൈന സൈനികാഭ്യാസം നടത്തിയിരുന്നു.
തായ്വാൻ പ്രസിഡന്റായി വില്യം ലായ് എന്നറിയപ്പെടുന്ന ലായ് ചിങ് ടെയെ തെരഞ്ഞെടുത്തത് ജനുവരിയിലാണ്. ചൈനയോട് ആഭിമുഖ്യമുള്ള കുമിൻടാങ് പാർട്ടിക്ക് തിരിച്ചടി നേരിട്ടു. വില്യം ലായ് അധികാരമേൽക്കുന്ന ചടങ്ങിൽ യു.എസ്, ജപ്പാൻ, ജർമനി, കാനഡ അടക്കം 12 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. യു.എസ് നേതാക്കൾ തായ്വാൻ സന്ദർശിക്കരുതെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈന തായ്വാനെ തങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്.
തായ്വാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളോട് ചൈനക്ക് കടുത്ത എതിർപ്പാണ്. അതിനിടെ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുൻ എന്നിവർ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. മേയ് 31 മുതൽ ജൂൺ രണ്ടുവരെ സിംഗപ്പൂരിൽ നടക്കുന്ന ഷാങ്ഗ്രി ഡയലോഗിൽ (വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ ഒത്തുചേരൽ) ഇരുവരും കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.