ബെയ്ജിങ്: ചൈനയിൽ അട്ടിമറി നടന്നെന്നും രാഷ്ട്രത്തലവനെ വീട്ടുതടങ്കലിലാക്കിയെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, ഷി ജിൻപിങ് പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. ബെയ്ജിങ്ങിൽ നടന്ന എക്സിബിഷൻ കാണാനാണ് ഷി ജിൻപിങ് എത്തിയത്.
സെപ്റ്റംബർ മധ്യത്തിൽ ഉസ്ബെകിസ്താനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുത്ത് രാജ്യത്ത് മടങ്ങിയെത്തിയതിനു ശേഷം ആദ്യമായാണ് ഷി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദേശീയ ടെലിവിഷൻ ആണ് ഷി എക്സിബിഷനിൽ പങ്കെടുത്ത വാർത്തയും ചിത്രവും പുറത്തുവിട്ടത്. ഉച്ചകോടി കഴിഞ്ഞ് മടങ്ങിയെത്തിയിട്ടും പൊതുമധ്യത്തിൽ കാണാതായതോടെയാണ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നും ചൈനയിൽ സൈന്യം അട്ടിമറി നടത്തിയെന്നുമുള്ള റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
എന്നാൽ പ്രചാരണങ്ങൾ തീർത്തും അവാസ്തവമാണെന്നും ഷി ജിൻപിങ് ക്വാറന്റീനിലാണെന്നും രാഷ്ട്രീയ നിരൂപകർ പ്രതികരിച്ചിരുന്നു. ഷി ജിൻപിങ് മൂന്നാം തവണയും ചൈനയുടെ പ്രസിഡന്റാകാൻ ഒരുങ്ങവെയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. എതിരാളികളെ ഒന്നടങ്കം നിശ്ശബ്ദരാക്കി അധികാരത്തിൽ അനിശ്ചിത കാലത്തേക്ക് തുടരാനാണ് 69 കാരനായ ഷി ചരടുവലി നടത്തുന്നത്.
രണ്ടു തവണ മാത്രം ഒരാൾക്ക് പ്രസിഡന്റ് പദവിയെന്ന നിയമം ഷി 2018ൽ എടുത്തുകളഞ്ഞിരുന്നു. ഷിൻജ്യാങ്ങിൽ ഉയ്ഗൂർ മുസ്‍ലിംകൾക്കെതിരെ ചൈനീസ് ഭരണകൂടം നടത്തിയ അടിച്ചമർത്തലിനെതിരെ ലോക വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.