ന്യൂഡൽഹി: ഭൂട്ടാൻ അതിർത്തിയിൽ ചൈനയുടെ കൈയേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. 100 ചതുരശ്ര കിലോമീറ്ററിൽ വിവിധ പ്രദേശങ്ങളിലായി പുതിയ ഗ്രാമങ്ങൾ നിർമിച്ചിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
2017ൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയ ദോക്ക്ലാമിന് സമീപമാണ് ഈ പ്രദേശം. സംഘർഷത്തിന് ശേഷം ചൈന ഇൗ മേഖലയിൽ റോഡ് നിർമാണം ആരംഭിച്ചിരുന്നു. ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കത്തിനും കാരണമായിരുന്നു.
ഭൂട്ടാനിലെ ചൈനയുടെ നിർമാണം ഇന്ത്യക്ക് ആശങ്കക്ക് വഴിയൊരുക്കുന്നതാണ്. 2020നും 2021നും ഇടയിലാണ് ചൈനീസ് ഗ്രാമങ്ങളുടെ നിർമാണം നടന്നതെന്നാണ് കണക്കുകൂട്ടൽ. ഒരു വർഷത്തിനിടെ നാലു ഗ്രാമങ്ങൾ നിർമിച്ചതായും പറയുന്നു.
ആഗോള ഗവേഷകന്‍റെ @detresfa എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങളിൽ ചൈന ഭൂട്ടാൻ അതിർത്തിയിൽ നടത്തിയ കൈയേറ്റങ്ങൾ കാണാനാകും.
അതിർത്തികൾ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിൽനിന്ന് ഭൂട്ടാൻ നിരന്തരം സമ്മർദം നേരിട്ടിരുന്നു. ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിർത്തി ഉടമ്പടിയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
'ഭൂട്ടാനും ചൈനയും തമ്മിലുള്ള തർക്കഭൂമിയിൽ 2020-21 കാലയളവിൽ നടന്ന നിർമാണങ്ങൾ ഈ ചിത്രങ്ങൾ കാണിക്കുന്നു. ഇതിൽ 100 കി.മി വിസ്തൃതിയിൽ ഒന്നിലധികം ഗ്രാമങ്ങൾ വ്യാപിച്ചുകിടക്കുന്നു. പുതിയ ഗ്രാമങ്ങളുടെ നിർമാണം ഉടമ്പടിയുടെ ഭാഗമാണോ അതോ ചൈനയുടെ പ്രാദേശിക അവകാശവാദങ്ങൾ നടപ്പിലാക്കുന്നതാണോ'യെന്നും ട്വീറ്റിൽ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.