ബെയ്ജിങ്: ചൈനയിൽ അഞ്ചുമാസം മുമ്പ് കോവിഡ് രോഗമുക്തി നേടിയ സ്ത്രീക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ ഹുബെ പ്രവിശ്യയിലെ 68 കാരിക്കാണ് അഞ്ചുമാസത്തിനുശേഷം വീണ്ടും കോവിഡ് പോസിറ്റീവായതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രോഗമുക്തി നേടിയവരിൽ വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക ഉയർത്തുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കോവിഡ് സ്ഥിരീകരിച്ച ഇവർ രോഗമുക്തി നേടിയിരുന്നു. അപൂർവമായി മാത്രമേ രണ്ടാമതും രോഗം വരാൻ സാധ്യതയുള്ളുവെന്ന് വൈറോളജിസ്റ്റ് പറയുന്നു.
രോഗമുക്തി നേടിയ ഒരാളിൽ ദീർഘകാലം ആൻറിബോഡി ശരീരത്തിലുണ്ടാകും. ഇവരിൽ വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത് പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച ഇവർ നിരീക്ഷണത്തിലാണ്. ഇവരുമായി അടുത്തിടപഴകിയവരുടെെയല്ലാം പരിശോധന ഫലം നെഗറ്റീവാണ്.
രണ്ടാമതും രോഗം സ്ഥിരീകരിക്കുന്നത് കൊറോണ വൈറസ് ബാധ ഇല്ലാതാക്കാൻ ദീർഘകാലമെടുക്കുമെന്നതിെൻറ സൂചനയാണെന്ന് വുഹാൻ സർവകലാശാല പാതോജൻ ബയോളജി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ യാങ് ഷാൻകിയു പറഞ്ഞു. ഇവരുടെ ശരീരത്തിലെ വൈറസിെൻറ അളവ് കുറഞ്ഞ നിലയിലായിരിക്കാമെന്നും അതിനാലാണ് ആദ്യഘട്ടത്തിൽ കോവിഡ് നെഗറ്റീവാണെന്ന് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.