യുക്രെയ്ൻ അധിനിവേശം: 15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യു.എസ് ഇന്‍റലിജൻസ്

ന്യൂയോർക്ക്: യുക്രെയ്ൻ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം 15,000 കടന്നേക്കുമെന്ന് യു.എസ് ഇന്‍റലിജൻസ്. ചുരുങ്ങിയത് 45,000 റഷ്യൻ സൈനികർക്ക് പരിക്കേറ്റിരിക്കാമെന്നും സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് വ്യക്തമാക്കി.

യുക്രെയ്ൻ സൈനികർക്കും കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. '15,000 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും ഇതിനേക്കാൾ മൂന്നിരട്ടി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തേക്കാമെന്നാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ. വലിയ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്' -കൊളറാഡോയിൽ നടന്ന ആസ്പെൻ സുരക്ഷ ഫോറത്തിൽ ബേൺസ് പറഞ്ഞു.

കൂടാതെ, യുക്രെയ്നും കാര്യമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഒരുപക്ഷേ റഷ്യയുടേതിനേക്കാൾ അൽപം കുറവാണ്. ഭരണകൂട രഹസ്യങ്ങളാണെന്ന് പറഞ്ഞ് റഷ്യ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാർച്ചിൽ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം 1,351 സൈനികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്. പ്രതിദിനം നൂറിനും ഇരുന്നൂറിനും ഇടയിൽ സൈനികർ കൊല്ലപ്പെടുന്നതായി ജൂണിൽ യുക്രെയ്ൻ സർക്കാർ വ്യക്തമാക്കിയിരുന്നു.

അതേസമയം, ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് റഷ്യ. യുക്രെയ്നിലെ പ്രത്യേക സൈനിക ഇടപെടൽ ഡോൺബാസ് മേഖലയിൽ മാത്രം പരിമിതപ്പെടുത്തില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സർജി ലാവ്റോവ് പറഞ്ഞു. പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ട യുക്രെയ്ൻ, റഷ്യക്ക് ചർച്ചകളല്ല, രക്തമാണ് വേണ്ടതെന്നും കുറ്റപ്പെടുത്തി.

Tags:    
News Summary - CIA estimates 15,000 Russians killed in Ukraine war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.