സിറിയയിലെ കമ്പോളത്തിൽ റോക്കറ്റ് ആക്രമണം; 15 മരണം

ഡമസ്കസ്: വടക്കൻ സിറിയയിലെ ആൾത്തിരക്കുള്ള കമ്പോളത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 15 കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. തുർക്കി പിന്തുണയുള്ളവരുടെ നിയന്ത്രണത്തിലാണ് ആക്രമണമുണ്ടായ അൽബാബ് മേഖല. ഏതാനും ദിവസം മുമ്പുണ്ടായ തുർക്കി വ്യോമാക്രമണത്തിൽ 11 സിറിയൻ സൈനികരും യു.എസ് പിന്തുണയുള്ള കുർദിഷ് പോരാളികളും കൊല്ലപ്പെട്ടിരുന്നു.

ഇന്നലെയുണ്ടായ ആക്രമണത്തിനുപിന്നിൽ സിറിയൻ സേനയാണെന്ന് പ്രതിപക്ഷത്തുള്ള യുദ്ധ നിരീക്ഷണ ഗ്രൂപ് (സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻറൈറ്റ്സ്) ആരോപിച്ചു. തുർക്കി ആക്രമണത്തോടുള്ള പ്രതികരണമാണിതെന്നാണ് അവർ പറയുന്നത്. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്.

2016നുശേഷം തുർക്കി സിറിയൻ അതിർത്തി കടന്ന് മൂന്നുതവണ വലിയ ആക്രമണം നടത്തിയിട്ടുണ്ട്. വടക്കുഭാഗത്തെ ചില പ്രദേശങ്ങളും തുർക്കി നിയന്ത്രണത്തിലാണ്. പോരാട്ടത്തിന്റെ തീവ്രത ഏതാനും വർഷങ്ങളായി കുറഞ്ഞെങ്കിലും വിമതർക്ക് ഇപ്പോഴും ശക്തിയുള്ള വടക്കൻ മേഖലയിൽ ഷെല്ലാക്രമണങ്ങളും വ്യോമാക്രമണവും പൂർണമായും ഇല്ലാതായിട്ടില്ല. 2011 മാർച്ചിലാണ് സിറിയൻ സംഘർഷം തുടങ്ങുന്നത്. ഇതേത്തുടർന്ന് പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേർക്ക് വീടുവിട്ടുപോകേണ്ടിയും വന്നു.

Tags:    
News Summary - Civilians killed in northern Syria marketplace missile attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.