വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും തമ്മിൽ തിങ്കളാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഇറാഖിൽനിന്ന് യു.എസ് സേനയെ പിൻവലിക്കുന്നതാണ് ചർച്ചയുടെ പ്രധാന ഊന്നൽ.
ഐ.എസിനെതിരായ പോരാട്ടത്തിനായാണ് ഇറാഖിൽ യു.എസ് സേനയെ വിന്യസിച്ചത്. ഐ.എസ് ഭീകരരെ രാജ്യത്തുനിന്ന് സമ്പൂർണമായി തുടച്ചുമാറ്റിയെന്നാണ് ഇറാഖ് അവകാശപ്പെടുന്നത്. എന്നാൽ, ദിവസങ്ങൾക്കു മുമ്പ് ബഗ്ദാദിൽ നടന്ന ആക്രമണത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
ഐ.എസിനെതിരായ പോരാട്ടത്തിൽ വിദേശസേനയെ ആവശ്യമില്ലെന്നാണ് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ ഇറാഖ് പ്രധാനമന്ത്രിയുടെ പ്രതികരണം. യു.എസ് സേനയെ ഒഴിവാക്കാൻ ശിയാവിഭാഗം പ്രധാനമന്ത്രിക്കുമേൽ സമ്മർദംചെലുത്തുകയാണ്.
കഴിഞ്ഞ വർഷം യു.എസ് ഡ്രോൺ ആക്രമണത്തിൽ ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയും ഇറാഖി മിലിഷ്യ കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടതോടെയാണ് സമ്മർദം ശക്തമായത്. അതിനുശേഷം ഇറാഖിലെ യു.എസ് കേന്ദ്രങ്ങൾക്കുനേരെ ഇറാൻ നിരന്തരം ആക്രമണം നടത്തിയിരുന്നു. ഇറാഖിൽ 2500 യു.എസ് സൈനികരാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.