തിയതിയും സമയവും നിശ്ചയിച്ചു, എല്ലാവരും കണ്ടുനിൽക്കേ അന്ത്യശ്വാസം വലിച്ചു; ദയാവധം പൊരുതി നേടി എസ്കോബാർ

'നമ്മൾ ഇനിയും കണ്ടുമുട്ടും, ക്രമേണ നമ്മളെല്ലാം ദൈവത്തിനൊപ്പം ചേരും' മുൻകൂട്ടി നിശ്ചയിച്ച മരണസമയത്തിന് മുന്നോടിയായി വിക്ടർ എസ്കോബാർ എന്ന 60കാരൻ തന്‍റെ ചുറ്റുംകൂടിയവരോട് പറഞ്ഞു. എസ്കോബാറിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒപ്പമുണ്ടായിരുന്നു. മരണം ചിത്രീകരിക്കാൻ കാമറയുമായി ആളുകളുമെത്തിയിരുന്നു. ഏതാനും നിമഷങ്ങൾക്കുള്ളിൽ താൻ പൊരുതി നേടിയ ദയാവധത്തെ എസ്കോബാർ പുൽകി.

കൊളംബിയയിൽ മാരകരോഗം ബാധിക്കാത്തവർക്ക് കൂടി ദയാവധത്തിന് അനുമതി നൽകിയ നിയമനിർമാണത്തിന് ശേഷം ആദ്യമായി പരസ്യ ദയാവധം തെരഞ്ഞെടുത്തയാളാണ് വിക്ടർ എസ്കോബാർ. ശ്വാസകോശ രോഗബാധിതനായിരുന്നു എസ്കോബാർ. സ്വന്തമായി ശ്വസിക്കാൻ പ്രയാസം നേരിട്ടിരുന്നു ഇദ്ദേഹം. പ്രമേഹം, ഹൃദ്രോഗം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ദയാവധം നിയമവിധേയമായ കൊളംബിയയിൽ അതിമാരകമായ രോഗികൾക്ക് മാത്രമാണ് ഇത്രയും കാലം ദയാവധത്തിന് അനുമതി നൽകിയിരുന്നുള്ളൂ. അങ്ങനെയല്ലാതെ ദയാവധം നേടുന്ന ആദ്യത്തെയാളായി എസ്കോബാർ. 

തന്‍റെ രണ്ടുവർഷത്തെ പോരാട്ടഫലമായാണ് ഇപ്പോൾ ദയാവധം നേടുന്നതെന്ന് മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് എസ്കോബാർ പറഞ്ഞു. 'മറ്റ് നിരവധി രോഗികൾക്കാണ് ഈ വാതിൽ തുറക്കുന്നത്. സ്വാഭിമാനത്തോടെയുള്ള മരണത്തിലേക്ക്. നമ്മൾ ഇനിയും കണ്ടുമുട്ടും, ക്രമേണ നമ്മളെല്ലാം ദൈവത്തിനൊപ്പം ചേരും. എന്നെപ്പോലെയുള്ള, മാരക അസുഖമില്ലാത്ത, എന്നാൽ മുന്നോട്ട് പോകാൻ വളരെ പ്രയാസപ്പെടുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ യുദ്ധം ജയിച്ചത്. സ്വാഭിമാനത്തോടെയുള്ള മരണം ആഗ്രഹിക്കുന്ന നിരവധി രോഗികൾ എന്‍റെ പിന്നിലുണ്ട്' -എസ്കോബാർ പറഞ്ഞു.

ഏതാനും നിമിഷങ്ങൾക്കകം എസ്കോബാറിന്‍റെ മരണം അഭിഭാഷകൻ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ ആഗ്രഹം നിറവേറിയതിൽ ഈയൊരു നിമിഷത്തിൽ നമുക്ക് സന്തോഷിക്കാം. അദ്ദേഹം അസുഖം കാരണം ഏറെ പ്രയാസപ്പെട്ടിരുന്നു, എന്നാൽ ഒടുവിൽ ഈ യുദ്ധത്തിൽ ജയിക്കുക തന്നെ ചെയ്തു -അഭിഭാഷകൻ ലൂയിസ് ജിറാൽഡോ പറഞ്ഞു.




 

കുടുംബത്തോടൊപ്പം അവസാനമായുള്ള എസ്കോബാറിന്‍റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങളോടൊപ്പം സന്തോഷവാനായാണ് എസ്കോബാറിനെ കണ്ടത്. മരണസമയമായപ്പോൾ എസ്കോബാറിനെ മയക്കിക്കിടത്തുകയും മരണത്തിനായുള്ള കുത്തിവെപ്പെടുക്കുകയുമായിരുന്നു.

ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ 1997ലാണ് ദയാവധം നിയമവിധേയമാക്കിയത്. 2021 ജൂലൈയിൽ കോടതി അതിമാരക അസുഖമില്ലാത്തവർക്കും സ്വാഭിമാനത്തോടെ മരിക്കാനുള്ള അവകാശം അനുവദിക്കുകയായിരുന്നു. കാത്തലിക് വിശ്വാസികൾ ഭൂരിപക്ഷമുള്ള രാജ്യമാണെങ്കിലും ദയാവധത്തിന് കൊളംബിയ അനുമതി നൽകുകയായിരുന്നു. ദയാവധത്തെ സഭ ശക്തമായി വിമർശിക്കുന്നുണ്ട്. എസ്കോബാറും കാത്തലിക് വിശ്വാസിയായിരുന്നു.

ലോകത്ത് ദയാവധത്തിന് നിയമപരമായി അംഗീകാരം നൽകിയ അപൂർവം രാഷ്ട്രങ്ങളിലൊന്നാണ് കൊളംബിയ. യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ്, സ്പെയിൻ എന്നിവയിൽ ദയാവധത്തിന് അനുമതിയുണ്ട്.



(മരണത്തിന് മുമ്പായി എസ്കോബാർ കുടുംബത്തോടൊപ്പം)

 

'എന്‍റെ കഥ എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്നെപ്പോലെയുള്ള നിരവധി പേർക്ക് ഒരു വഴി കാണിച്ചുനൽകും' -മരണത്തിന് മുമ്പ് എസ്കോബാർ പറഞ്ഞു. ദയാവധത്തിനുള്ള എസ്കോബാറിന്‍റെ അപേക്ഷ ആദ്യം നിരസിക്കപ്പെട്ടിരുന്നു. മാരകരോഗമല്ലെന്നും അസുഖവും കഷ്ടതകളും ലഘൂകരിക്കാനുള്ള സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിക്കപ്പെട്ടത്. എന്നാൽ എസ്കോബാർ നിയമപോരാട്ടം തുടരുകയായിരുന്നു. അങ്ങനെ മരിക്കാനുള്ള അനുമതി ഹൈകോടതിയിൽ നിന്ന് നേടി. ജനുവരി ഏഴ് വെള്ളിയാഴ്ചയാണ് മരിക്കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. ബന്ധുക്കൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണ് വെള്ളിയാഴ്ച മരണം തെരഞ്ഞെടുത്തത്.

രാജ്യത്ത് 157 പേർ ഇത്തരത്തിൽ ദയാവധം ആവശ്യപ്പെട്ട് അപേക്ഷ നൽകിയതായി അധികൃതർ വ്യക്തമാക്കുന്നു. 2015ന് ശേഷം മാരക അസുഖബാധിതരായ 178 പേർ കൊളംബിയയിൽ ദയാവധം തെരഞ്ഞെടുത്തതായി ദയാവധത്തിനായി പ്രവർത്തിക്കുന്ന സംഘടന ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Colombian Man Dies Publicly Under New Euthanasia Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.