ഡമസ്കസ്: സർക്കാർ സൈന്യവും വിമതരും തമ്മിൽ പോരാട്ടം അതിരൂക്ഷമായി തുടരുന്ന സിറിയയിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തു പോകണമെന്ന് ഇന്ത്യ പൗരന്മാർക്ക് നിർദേശം നൽകി. വെള്ളിയാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിൽ മുന്നറിയിപ്പ് നൽകിയത്.
സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ സർക്കാർ സേനക്കെതിരെ വിമത ഗ്രൂപ്പായ ഹൈഅത് തഹ്‌രീർ അശ്ശാം നടത്തിയ ആക്രമണത്തിനു പിന്നാലെ സിറിയയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായിട്ടുണ്ട്. ‘ഏറ്റവും നേരത്തെ ലഭിക്കുന്ന വിമാനങ്ങളിൽ പുറപ്പെടാൻ ഇന്ത്യൻ അധികൃതർ നിർദേശിച്ചു.
സുരക്ഷയെക്കുറിച്ച് മുൻകരുതൽ എടുക്കാനും പുറത്തിറങ്ങുന്നത് കുറക്കാനും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താൻ ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ച മന്ത്രാലയം അടിയന്തര നമ്പറും ഇ-മെയിൽ വിലാസവും പരസ്യപ്പെടുത്തിയിട്ടുണ്ട്. അത്യാഹിത നമ്പർ +963 993385973, അടിയന്തര ഇ-മെയിൽ വിലാസം oc.damascus@mea.gov.in എന്നിവയാണ് അധികൃതർ പുറത്തുവിട്ടത്. വിവിധ യു.എൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90ഓളം ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്ന് ജയ്‌സ്വാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.