ന്യൂയോർക് : ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിപ്പോയ ടൈറ്റൻ അന്തർവാഹിനിയുടെ തകർച്ച ഒഴിവാക്കാമായിരുന്നതോ? അന്തർവാഹിനി സുരക്ഷിതമല്ലെന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഓഷ്യൻഗേറ്റ് സി.ഇ.ഒ സ്റ്റോക്ടൺ റഷ് തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽ മരിച്ചവരിൽ ഇദ്ദേഹവും ഉൾപ്പെടുന്നു.സമുദ്ര പര്യവേക്ഷണത്തിൽ വിദഗ്ധനായ റോബ് മക്കല്ലമാണ് മുന്നറിയിപ്പ് നൽകി കമ്പനിക്ക് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചത്.
സഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കുകയാണ് കമ്പനി ചെയ്യുന്നതെന്നും സ്വതന്ത്ര ഏജൻസി സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്നതുവരെ യാത്രകൾ നടത്തരുതെന്നും ഇദ്ദേഹം സന്ദേശത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾ പാടേ തള്ളിക്കളയുകയാണ് സ്റ്റോക്ടൺ റഷ് ചെയ്തത്. സുരക്ഷ വാദത്തിന്റെ പേരിൽ നൂതനാശയങ്ങളെ തടയാനാണ് ഈ മേഖലയിലെ ചിലരുടെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. നിയമനടപടി സ്വീകരിക്കുമെന്ന് ഓഷ്യൻഗേറ്റ് അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതോടെയാണ് മക്കല്ലം ഇ-മെയിൽ അയക്കുന്നത് നിർത്തിയത്.
താങ്കളുടെയും കക്ഷികളുടെയും ജീവൻ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് കാണിച്ച് 2018 മാർച്ചിൽ റഷിന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ മക്കല്ലം ചൂണ്ടിക്കാട്ടി. ടൈറ്റാനിക്കിലേക്കുള്ള യാത്രയിൽ ‘ഒരിക്കലും മുങ്ങാത്തത്’ എന്ന പ്രസിദ്ധമായ മൊഴി ആവർത്തിക്കുകയാണ് താങ്കൾ ചെയ്യുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, മക്കല്ലത്തിന്റെ വിമർശനങ്ങളോട് അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് റഷ് ചെയ്തത്. ‘ആരെയോ കൊല്ലാൻ പോവുകയാണ്’ എന്ന താങ്കളുടെ അടിസ്ഥാനരഹിതമായ വിലാപം പലവട്ടം കേട്ടതാണെന്നും വ്യക്തിപരമായ അധിക്ഷേപമായാണ് താനിതിനെ കാണുന്നതെന്നുമായിരുന്നു റഷിന്റെ മറുപടി.
വാണിജ്യപരമായ വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിന് മുമ്പ് അന്തർവാഹിനിയുടെ സുരക്ഷ പരിശോധനകൾ സർട്ടിഫിക്കറ്റ് നേടണമെന്ന് പലവട്ടം ഓർമിപ്പിച്ചിരുന്നതായി മക്കല്ലം പറഞ്ഞു. എന്നാൽ, അന്തർവാഹിനിക്ക് സുരക്ഷ സർട്ടിഫിക്കറ്റ് നേടിയിരുന്നില്ല. സമുദ്ര പര്യവേക്ഷണ രംഗത്തെ തന്റെ യോഗ്യതകൾ നിരത്തിയായിരുന്നു റഷിന്റെ മറുപടികളെല്ലാം. പുതിയൊരു അന്തർവാഹിനിയിൽ സമുദ്രാന്തർ ഭാഗത്തെ പര്യവേക്ഷണത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം ഇ-മെയിൽ മറുപടിയിൽ വ്യക്തമാക്കി.2009ലാണ് റഷ് ഓഷ്യൻഗേറ്റ് കമ്പനി സ്ഥാപിച്ചത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതുൾപ്പെടെയുള്ള ആഴക്കടൽ യാത്രകളാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.