കോവിഡ്: ഗ്രാമീണ മേഖലകളെ കുറിച്ച് ആശങ്കയെന്ന് ചൈനീസ് പ്രധാനമന്ത്രി ഷി ജിൻ പിങ്

ബെയ്ജിങ്: ചാന്ദ്ര പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ലക്ഷകണക്കിനാളുകൾ ഗ്രാമങ്ങളിലേക്ക് എത്തുമ്പോൾ ഉണ്ടാകാവുന്ന കോവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്.

രാജ്യത്തെ സീറോ കോവിഡ് നയം ശരിയായിരുന്നെന്ന് പറഞ്ഞ ഷി, നയത്തിൽ ഇളവ് നൽകിയതോടെ, ഗ്രാമങ്ങളെയും ഗ്രാമീണരെയും കുറിച്ച് ആശങ്കാകുലനാണെന്ന് പറഞ്ഞതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻ‌ഹുവ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമ പ്രദേശങ്ങളിൽ വൈറസ് ബാധിതരായവർക്ക് വൈദ്യസഹായം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പകർച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രോഗ നിയന്ത്രണത്തിന് വലിയ പരിശ്രമം ഇപ്പോഴും ആവശ്യമാണ്. ഗ്രാമങ്ങളിൽ പകർച്ചവ്യാധി തടയുന്നതിലും നിയന്ത്രണത്തിലും ഉള്ള പോരായ്മകൾ പരിഹരിക്കേണ്ടത് രോഗ നിയന്ത്രണത്തിന് അനിവാര്യമാണെന്നും ഷി പറഞ്ഞു.

ചൈനയുടെ സീറോ കോവിഡ് നയ പ്രകാരമുള്ള കടുത്ത ലോക്ക്ഡൗണും നിർബന്ധിത പരിശോധനകളും സമ്പദ് വ്യവസ്ഥയെ അടിച്ചമർത്തുകയും ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് സീറോ കോവിഡ് നയം കഴിഞ്ഞ മാസം പിൻവലിക്കുകയായിരുന്നു.

അതേസമയം, സീറോ കോവിഡ് ശരിയായ നടപടിയായിരുന്നെന്നും അതുമൂലം വൈറസിന്റെ നിരവധി വകഭേദങ്ങളെ പ്രതിരോധിക്കാൻ സാധിച്ചുവെന്നും ഷി ജിൻ പിങ് പറഞ്ഞു.

Tags:    
News Summary - Covid: Chinese Prime Minister Xi Jinping expressed concern about rural areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.