ശ്രീലങ്കയിലെ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരങ്ങളും; തെരുവിലിറങ്ങി ജയസൂര്യ

ശ്രീലങ്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണപ്രഖ്യാപിച്ച് ക്രിക്കറ്റ് താരങ്ങളും.താൻ ജനങ്ങൾക്കൊപ്പമാണെന്ന് ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ പറഞ്ഞു. തെരുവിലറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ ജനത്തിന് പിന്തുണ അറിയിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നിൽക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എ.എൻ.ഐയോട് പറഞ്ഞു.

ലങ്കന്‍ പ്രസിഡന്റ് ഗോടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകാരി കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു. ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെയും പ്രതിഷേധം നടന്നു. പ്രതിഷേധവുമായി കാണികൾ എത്തി. ഗാലെ സ്‌റ്റേഡിയത്തിന് മുന്നിലായിരുന്നു പ്രതിഷേധം. ശ്രീലങ്കയുടെ മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ സനത് ജയസൂര്യ റോഷന്‍ മഹാനാമ എന്നിവർ ജനങ്ങള്‍ക്കൊപ്പം സമരത്തില്‍ അണിനിരന്നു. ലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര കൊളംബോയിലെ പ്രതിഷേധത്തിന്റെ ഒരു വിഡിയോ പങ്കുവച്ചു. 'ഇത് ഞങ്ങളുടെ ഭാവിക്കുവേണ്ടിയാണ്' എന്ന കുറിപ്പോടെയായിരുന്നു വിഡിയോ.

ജയസൂര്യയും രണ്ട് ട്വീറ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. 'എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ്. അധികം വൈകാതെ ഞങ്ങള്‍ വിജയം ആഘോഷിക്കും','സമരം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ സിംഹാസനം വീണു. ജനശക്തി വിജയിച്ചു. ഇപ്പോള്‍ രാജിവെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം' എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.


രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകാത്ത പ്രസിഡന്റ് ഗോടബയ രാജപക്സ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറിയത്. പ്രതിഷേധക്കാരെ ബാരിക്കേഡും ജല പീരങ്കിയും ഉപയോഗിച്ച് തടയാനാകാതെ വന്നതോ​ടെ സൈന്യം ആകാശത്തേക്ക് വെടിവെച്ചു. പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു കയറി.

എന്നാൽ പ്രതിഷേധമുണ്ടാകുമെന്നും സാഹചര്യം നിയന്ത്രണാതീതമാകുമെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് രാജപക്സ കഴിഞ്ഞ രാത്രി തന്നെ ഔദ്യോഗിക വസതി വിട്ട് സൈനിക ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറിയിരുന്നു. പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ ആദ്യം നൽകിയ വിവരം. കർശന സുരക്ഷയുള്ള വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചു കയറുന്നതിന്റെ ദൃശ്യങ്ങൾ സ്വകാര്യ ബ്രോഡ്കാസ്റ്ററായ സിരാസ ടി.വി സംപ്രേഷണം ചെയ്തിട്ടുണ്ട്.


ശ്രീലങ്കൻ ദേശീയ പതാക, ഹെൽമെറ്റുകൾഎന്നിവ കൈയിലേന്തിയാണ് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു കയറിയത്. പ്രതി​ഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിനായില്ല. ഭക്ഷ്യ-ഇന്ധന ദൗർലഭ്യം, പ്രധാന ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനായി വിദേശ നാണ്യത്തിന്റെ ക്ഷാമം, കുതിച്ചുയരുന്ന പണപ്പെരുപ്പം തുടങ്ങി വിവിധ ​പ്രശ്നങ്ങളാണ് ശ്രീലങ്കയെ മാസങ്ങളോളമായി അലട്ടുന്നത്.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ ജനങ്ങളുടെ പ്രതിഷേധമായാണ് വലിയ ജനക്കൂട്ടം തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. രൂക്ഷമായ ഇന്ധനക്ഷാമം നേരിടുമ്പോഴും പ്രതിഷേധത്തിനായി ആളുകൾ വിവിധയിടങ്ങളിൽ നിന്ന് കൊളംബോയിലേക്ക് എത്തി. അതിനായി റെയിൽവേ അധികൃതരെ ട്രെയിൻ സർവീസ് നടത്താൻ നിർബന്ധിക്കുകയും ചെയ്തു. അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്പീക്കറോട് പാർലമെന്റ് വിളിച്ചുചേർക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Cricketers also declared their support for the protests in Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.