സഗ്രെബ്: യൂറോപ്യൻ യൂനിയൻ സമ്മേളനത്തിനിടെ ജർമൻ വിദേശകാര്യ മന്ത്രി അന്നലെന ബെയർബോക്കിനെ ചുംബിക്കാൻ ശ്രമിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് ക്രൊയേഷൻ വിദേശകാര്യമന്ത്രി ജോർഡൻ ഗിർലിക് റദമാൻ. സംഭവം വലിയ വിവാദമായിരുന്നു. നവംബർ രണ്ടിന് നടന്ന പരിപാടിക്കിലെ ജർമൻ വിദേശകാര്യമന്ത്രിക്ക് തന്റെ പ്രവൃത്തി ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ മാപ്പുചോദിക്കുന്നു എന്നായിരുന്നു ജോർഡൻ പറഞ്ഞത്.
''വളരെ അസൗകര്യം നിറഞ്ഞ ഒരു നിമിഷമായിരുന്നു അത്. മന്ത്രിമാരായ ഞങ്ങൾ പരസ്പരം ഹാർദവമായി എല്ലാവരെയും സ്വാഗതം ചെയ്യാറുണ്ട്. അതിൽ പ്രയാസം നേരിട്ടുവെങ്കിൽ മാപ്പുപറയുന്നു. വിമാനം വൈകിയതിനാൽ ഞങ്ങൾ ഫോട്ടോയെടുക്കുന്ന നിമിഷമാണ് കണ്ടതു തന്നെ. ഞങ്ങൾ ഒരുമിച്ചാണ് ഇരുന്നത്. ഞങ്ങൾ അയൽരാജ്യക്കാരുമാണ്. വളരെ നല്ല ഒരു സമ്മേളനമായിരുന്നു അത്. അതെല്ലാം ഒരുനിമിഷം കൊണ്ടു കളഞ്ഞുപോയി.''-എന്നാണ് ജോർഡൻ പറഞ്ഞത്.
ഇ.യു യോഗത്തിനിടെ മാധ്യമങ്ങൾക്കായി ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു വിദേശകാര്യമന്ത്രിമാർ. അപ്പോഴാണ് ക്രൊയേഷ്യൻ വിദേശകാര്യമന്ത്രി ബെയർബോക്കിന്റെ അടുത്തെത്തി ഹസ്തദാനം ചെയ്ത് ചുംബിക്കാൻ ശ്രമിച്ചത്. അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. സംഭവത്തിൽ ബെയർബോക്ക് പ്രതികരിച്ചിട്ടില്ല. ക്രൊയേഷ്യ മുൻ പ്രധാനമന്ത്രി ജദ്രാൻക കൊസോർ ആണ് ആദ്യം വിമർശനവുമായി രംഗത്തുവന്നത്. സ്ത്രീകളെ ബലംപ്രയോഗിച്ച് ചുംബിക്കുന്നത് അക്രമമല്ലേ എന്നായിരുന്നു ചോദ്യം.
അടുത്തിടെ സ്പാനിഷ് ഫുട്ബോൾ താരം ജെന്നി ഹെർമോസോയെ ചുംബിച്ചത് വിവാദമായതിനെ തുടർന്ന് ഫിഫ ലൂയിസ് റൂബിയാലസിന് മൂന്നുവർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു.
വനിത ലോകകപ്പ് ഫൈനലിന് പിന്നാലെയാണ് ജെന്നിഫർ ഹെർമോസയെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലസ് അനുവാദമില്ലാതെ ചുംബിച്ചത്. വനിതാ ലോകകപ്പില്‍ സ്‌പെയ്ന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍വെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെ കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെര്‍മോസോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതോടെ സംഭവം വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.