കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് ശേഷമുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ ആദ്യ പൊതു സന്ദർശനത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. അനുരാധപുരയിലെ ബുദ്ധ ക്ഷേത്രം സന്ദർശിക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തിയത്.
'മോഷ്ടാക്കൾ' പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നത് തടയണം എന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സ്ത്രീകളും പുരുഷൻമാരുമടക്കം നിരവധിപേരാണ് പ്രധാനമന്ത്രിക്കെതിരെ തെരുവിലിറങ്ങിയത്.
നിങ്ങൾ പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുകയാണെങ്കിൽ നിങ്ങളെ ആരാധിക്കാമെന്നും പ്രതിഷേധക്കാർ പരിഹസിച്ചു. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്ന് പോകുന്നതിനായി പ്രതിഷേധക്കാരെ മാറ്റുന്നതിന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കമാൻഡോകളെ വിന്യസിച്ചിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പ്രധാനമനമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങി.
മാസങ്ങളായി രാജ്യത്ത് ഇന്ധന ക്ഷാമവും, ഭക്ഷണ ക്ഷാമവുമുൾപ്പടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പാചകവാതകം, പെട്രോൾ, ഡീസൽ ക്ഷാമത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ പല പ്രധാന റോഡുകളും ജനങ്ങൾ ഉപരോധിച്ചിരുന്നു. എന്നാൽ പ്രകടനങ്ങൾ പ്രകോപനപരവും അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തുന്നതുമാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.