ന്യൂയോർക്ക്: ‘ടൈറ്റൻ’ അന്തർവാഹിനി അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ചിട്ടും ടൈറ്റാനിക് കാണാനുള്ള യാത്രയുടെ പരസ്യം ഓഷ്യൻ ഗേറ്റ് കമ്പനി നീക്കിയിട്ടില്ലെന്ന് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട്. ടൈറ്റാനികിന്‍റെ അവശിഷ്ടം കാണാൻ പോയ ടൈറ്റൻഅന്തർവാഹിനി പൊട്ടിത്തെറിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും വെബ്സൈറ്റിൽനിന്നും യാത്രയുടെ പരസ്യങ്ങൾ കമ്പനി മാറ്റിയിട്ടില്ലെന്ന് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്യുന്നു.
ടൈറ്റാനിക്കിലേക്ക് 2024 ജൂൺ 12 മുതൽ 20 വരെയും ജൂൺ 21 മുതൽ ജൂൺ 29 വരെയും 2,50,000 ഡോളറിന് രണ്ട് യാത്രകൾ ആസൂത്രണം ചെയ്യുന്നുവെന്നും യാത്രയിൽ ഡൈവ്, സ്വകാര്യ താമസം, ആവശ്യമായ പരിശീലനം, പര്യവേക്ഷണ ഉപകരണങ്ങൾ, അന്തർവാഹിനിക്ക് അകത്തെ ഭക്ഷണ ചെലവ് എന്നിവ ഉൾപ്പെടുമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. യാത്രികർക്ക് തങ്ങളുടെ പര്യവേക്ഷണ സംഘത്തെ കാണാനും അന്തർവാഹിനിയിൽ കയറാനും സൗകര്യമൊരുക്കുമെന്നും ശേഷം ടൈറ്റാനിക്ക് തകർന്ന 400 നോട്ടിക്കൽ മൈൽ അകലേക്ക് യാത്ര പോകാമെന്നും ഇതിൽ പറയുന്നുണ്ട്.
അതേസമയം, ടൈറ്റാനിക് പരിവേക്ഷണം ഓഷ്യൻ ഗേറ്റ് ഉപേക്ഷിച്ചതായാണ് പുറത്തു വരുന്ന വിവരം. ടൈറ്റനു വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനാൽ കമ്പനി അതിന്റെ വെബ്‌സൈറ്റിൽ സബ് പൈലറ്റ് തസ്തികയിലേക്കുള്ള ജോലി പരസ്യം ചെയ്തിരുന്നതായും കനത്ത വിമർശനത്തെ തുടർന്ന് ഇത് നീക്കം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 18നാണ് ഓഷ്യൻ ഗേറ്റിന്റെ പര്യവേക്ഷണ പേടകം ടൈറ്റാൻ അറ്റ്ലാന്റിക്കിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടി യാത്ര പുറപ്പെട്ടത്. ഓഷ്യൻ ഗേറ്റ് സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റോക്ടൺ റഷ് (61), ബ്രിട്ടീഷുകാരനായ ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ് (58), പേടകത്തിന്റെ ക്യാപ്റ്റനും ടൈറ്റാനിക് പര്യവേക്ഷകനുമായ പോൾ ഹെന്റി നർഗോലെറ്റ് (77), പാക് സ്വദേശിയായ ബിസിനസുകാരൻ ഷഹ്സാദ് ദാവൂദ് (48), മകൻ 19 കാരനായ സുലൈമാൻ എന്നിവരാണ് യാത്രികരായി ഉണ്ടായിരുന്നത്. രണ്ടു മണിക്കൂർ യാത്രയുടെ 1.45 മണിക്കൂർ പിന്നിട്ടപ്പോഴാണ് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടമായത്. പിന്നീട് തെരച്ചിലുകൾക്ക് ഒടുവിൽ ടൈറ്റാനിക്കിൽനിന്ന് 1600 അടി അകലെ ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.