2020 യു.എസ് തെരഞ്ഞെടുപ്പിൻെറ നടപടിക്രമങ്ങൾ നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വോട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ല. നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങളും ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. വോട്ടുകൾ എണ്ണാൻ വൈകിയതും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ട്രംപിൻെറ ആരോപണങ്ങളും മറ്റ് വർഷങ്ങളിൽ നിന്ന് ഈ വർഷത്തെ തെരഞ്ഞെടുപ്പിനെ വ്യതസ്തമാക്കുന്നു. വിവിധ ലോകരാജ്യങ്ങൾ യു.എസിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളോട് വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ലോകരാജ്യങ്ങളുടെ പ്രതികരണങ്ങൾ നോക്കാം.
ബ്രസീൽ
ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൾസനാരോയുടെ പ്രതികരണം. ട്രംപുമായി നല്ല ബന്ധമാണ് നില നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആമസോണിലെ മഴക്കാടുകളിലെ തീയുമായി ബന്ധപ്പെട്ട ജോ ബൈഡൻെറ പരാമർശങ്ങൾ ബോൾസനാരോ തള്ളി.
ഇറാൻ
യു.എസ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ ആരോപണത്തോട് പരിഹാസരൂപേണയായിരുന്നു ഇറാൻെറ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ഒരാൾ പറയുന്നു. ആരാണ് അത് പറയുന്നത്, ഇപ്പോൾ യു.എസിൻെറ പ്രസിഡൻറ് സ്ഥാനം വഹിക്കുന്നയാൾ. ഇതായിരുന്നു തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആയത്തുള്ള അലി ഖാംനഈയിടെ പ്രതികരണം
തുർക്കി
യു.എസിൽ ആര് അധികാരത്തിലെത്തിയാലും നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്നായിരുന്നു തുർക്കിയുടെ പ്രതികരണം. ട്രംപുമായുള്ള സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്. യു.എസിൽ ആര് അധികാരത്തിലെത്തിയാലും നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്ന് തുർക്കി വിദേശകാര്യമന്ത്രി പ്രതികരിച്ചു.
സിംബാവേ
പഴയ അടിമകളുടെ ഉടമകളിൽ നിന്ന് ജനാധിപത്യത്തിന് ഒന്നും പഠിക്കനില്ലെന്നായിരുന്നു സിംബാവേയിലെ ഭരണകക്ഷിയുടെ പ്രതികരണം
ബ്രിട്ടൻ
യു.എസ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിശ്വാസമുണ്ടെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ പ്രതികരണം. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് ബോറിസ് ജോൺസൺ നിലപാട് വ്യക്തമാക്കിയത്. തനിക്ക് യു.എസ് ഭരണഘടനയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു.
ജർമ്മനി
യു.എസ് എന്ന പറയുന്നത് വൺ മാൻ ഷോയല്ലെന്നായിരുന്നു ജർമ്മൻ വിദേശകാര്യമന്ത്രി ഹെയ്കോ മാസിൻെറ പ്രതികരണം. എരിതീയിൽ എണ്ണയൊഴിക്കുന്നവർ ഇക്കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ
യു.എസിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നീണ്ടു പോകുന്നതിൽ റഷ്യ ആശങ്ക രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയിലുണ്ടാവുന്ന അനിശ്ചിതത്വം ആഗോള ബന്ധങ്ങളെ തന്നെ ബാധിക്കുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ജനാധിപത്യത്തിൻെറ മാതൃകയായാണ് തെരഞ്ഞെടുപ്പിനെ റഷ്യൻ പ്രതിപക്ഷ നേതാവ് വിലയിരുത്തിയത്.
ആസ്ട്രേലിയ
യു.എസിൻെറ ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്നായിരുന്നു ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസിൻെറ പ്രതികരണം. ഏത് തരം വെല്ലുവിളിയേയും നേരിടാൻ യു.എസിലെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചൈന
യു.എസും ചൈനയും തമ്മിൽ വിവിധ വിഷയങ്ങളിൽ പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ടെങ്കിൽ ഇരു രാജ്യങ്ങൾക്കും തമ്മിൽ സഹകരിക്കാൻ നിരവധി മേഖലകളുണ്ട്. ആരോഗ്യകരമായ ഒരു യു.എസ്-ചൈന ബന്ധം നില നിർത്തുന്നതിനാണ് ശ്രദ്ധ നൽകുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം
യു.എസിൻെറ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസമുണ്ടെന്നായിരുന്നു തെരഞ്ഞെുപ്പ് സംബന്ധിച്ച് ഫ്രാൻസിേൻറയും പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.