ദിനേഷ് ഗുണവർധന ശ്രീലങ്കയുടെ ​പുതിയ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന അധികാരമേറ്റു. റനിൽ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ദിനേഷ് ഗുണവർധനയെ പ്രധാനമന്ത്രിയായി നിയമിച്ചത്. എസ്.എല്‍.പി.പി നേതാവാണ് ഗുണവർധന. നേരത്തേ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ പ്രസിഡന്റായിരുന്ന ഗോടബയ രാജപക്സ ഗുണവർധനയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചിരുന്നു. രാജിവെച്ച മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ വിശ്വസ്തനാണ് 72 കാരനായ ഗുണവർധന. യു.എസിൽ നിന്നും നെതർലന്റ്സിൽ നിന്നും വിദ്യാഭ്യാസം നേടിയ ദിനേഷ് തൊഴിലാളി നേതാവായാണ് രംഗപ്രവേശം ചെയ്തത്.

ഇന്ത്യൻ ബന്ധം

ശ്രീലങ്കൻ സോഷ്യലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫിലിപ്പ് ഗുണവർധനയാണ് പിതാവ്. വിസ്കോൻസിൻ യൂനിവേഴ്സിറ്റിയിൽ ജയപ്രകാശ് നാരായണ​ന്റെയും വി​.കെ കൃഷ്ണമേനോന്റെയും സഹപാഠിയായിരുന്നു ഫിലിപ്പ് ഗുണവർധന.

ഗുണവർധനയുടെ കുടുംബത്തിന് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും ഇന്ത്യയോട് ചായ്‌വുണ്ടെന്നും പലർക്കും അറിയില്ല. രണ്ടാം ലോകയുദ്ധ കാലത്ത് ശ്രീലങ്കയിൽ നിന്ന് (അന്നത്തെ ബ്രിട്ടീഷ് കോളനിയായ സിലോൺ) രക്ഷപ്പെട്ടതിന് ശേഷം ഫിലിപ്പും അമ്മ കുസുമയും ഇന്ത്യയി? അഭയം തേടുകയായിരുന്നു. 1943ൽ ഇവരെ ബ്രിട്ടീഷ് ഇന്റലിജൻസ് പിടികൂടി ബോംബെയിലെ ആർതർ റോഡ് ജയിലിൽ പാർപ്പിച്ചു. യുദ്ധം അവസാനിച്ചതിന് ശേഷം മാത്രമാണ് വിട്ടയച്ചത്.

അഛനുമമ്മയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബോംബെ ജയിലിൽ പോയത് ഗുണവർധനക്ക് അഭിമാനകരമായ കാര്യമാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ശ്രീലങ്കയിലെ അവരുടെ കുടുംബവീട് സന്ദർശിച്ചിട്ടുണ്ട്. 1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഫിലിപ്പും കുസുമയും ശ്രീലങ്കൻ പാർലമെന്റ് അംഗങ്ങളായി. ഫിലിപ്പ് 1956 ലെ പീപ്പിൾസ് റെവല്യൂഷൻ ഗവൺമെന്റിന്റെ സ്ഥാപക നേതാവും കാബിനറ്റ് മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ നാല് മക്കളും കൊളംബോ മേയർ, കാബിനറ്റ് മന്ത്രിമാർ, എം.പിമാർ തുടങ്ങി ഉയർന്ന രാഷ്ട്രീയ പദവികൾ വഹിച്ചിട്ടുണ്ട്.

Tags:    
News Summary - Dinesh Gunawardena Sri Lanka's New Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.