ഫലസ്തീൻ പോരാട്ടത്തിന്റെ തീക്ഷ്ണ മുഖം; സിൻവാറി​ല്ലാത്ത ഹമാസിന്റെ ഭാവി

യഹ്‍യ സിൻവാറിന്റെ മരണത്തോടെ ഹമാസോ ഫലസ്തീനി ചെറുത്തുനിൽ​പ്പോ ഇല്ലാതാകില്ല. കാരണം, നേതാക്കൾ കൊല്ലപ്പെടുന്നത് ഹമാസിനെ സംബന്ധിച്ച് പുതിയതല്ല. ഹമാസ് സ്ഥാപകനായ ശൈഖ് അഹ്മദ് യാസീൻ ഇസ്രായേൽ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വീൽചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ശൈഖ് യാസീനെ പള്ളിയിൽനിന്ന് മടങ്ങുമ്പോൾ ബോംബിട്ട് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ സ്ഥാനമേറ്റെടുത്ത ഡോ. അബ്ദുൽ അസീസ് റൻതീസി രണ്ടുമാസത്തിനകം കൊല്ലപ്പെട്ടു.

പിന്നീട് നേതാവായ ഖാലിദ് മിശ്അലിനെ ഇസ്രായേൽ നിരവധി തവണ വധിക്കാൻ ശ്രമിച്ചു. തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഹമാസ് തലവനും മുൻ ഗസ്സ പ്രധാനമന്ത്രിയുമായിരുന്ന ഇസ്മാഈൽ ഹനിയ്യ ജൂലൈ 31ന് ഇറാനിലെ തെഹ്റാനിൽ കൊല്ലപ്പെട്ടു. ഉപമേധാവിയായിരുന്ന സ്വാലിഹ് അറൂറി ലബനാനിൽ കൊല്ലപ്പെട്ടു. ചെറുതും വലുതുമായ നിരവധി നേതാക്കൾ വിവിധ കാലങ്ങളിൽ കൊല്ലപ്പെട്ടിട്ടും ഹമാസ് കരുത്താർജ്ജിക്കുന്നതാണ് കണ്ടത്.

ഹമാസ് ഒരാശയമാണെന്നും സൈനിക നടപടിയിലൂടെ അതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഇസ്രായേലിന്റെ മുൻ സൈനിക മേധാവി ഉൾപ്പെടെ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. യുദ്ധം സംഘടന സംവിധാനം തകർത്തിട്ടുണ്ടെങ്കിലും പുനഃക്രമീകരിക്കാനും പുതിയ നേതാക്കളെ ചുമതലയേൽപ്പിക്കാനും ഹമാസിന് കഴിയുമെന്നാണ് മുൻകാല അനുഭവം. നേതാക്കളെ കൊല്ലുന്നതിലൂടെ ചെറുത്തുനിൽപ് അവസാനിക്കുമെന്നാണോ ഇസ്രായേൽ കരുതുന്നത് എന്ന് ചോദിച്ച ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ മുതിർന്ന അംഗം ബാസിം നഈം, രക്തസാക്ഷിത്വം വരിച്ച നേതാക്കൾ സ്വതന്ത്ര ഫലസ്തീനായുള്ള പോരാട്ടത്തിന്റെ പ്രതീകവും ഭാവി തലമുറക്ക് പ്രചോദനവുമാകുമെന്ന് കൂട്ടിച്ചേർത്തു.

അവസാന നിമിഷം വരെ പോരാട്ടം

സാധാരണക്കാരെ മരണത്തിന് മുന്നിൽ തള്ളിവിട്ട് ഹമാസ് നേതാക്കൾ തുരങ്കങ്ങളിലും വിദേശത്തും സുഖിച്ച് ജീവിക്കുകയാണെന്ന ഇസ്രായേലിന്റെ വാദം പൊളിക്കുന്നതാണ് യഹ്‍യ സിൻവാറിന്റെ അന്ത്യ നിമിഷങ്ങൾ എന്ന നിലയിൽ ഇസ്രായേൽ തന്നെ പുറത്തുവിട്ട വിഡിയോ. അധിനിവേശ സേനക്ക് നേരെ അവസാന നിമിഷം വരെ പോരാടിയ പോരാളിയെയാണ് അവിടെ കണ്ടത്. പിന്തിരിഞ്ഞോട്ടത്തിന്റെ ഒരു അടയാളവുമില്ലാതെ, തലയിലും കാലിലും മുൻഭാഗത്തുമാണ് വെടിയേറ്റ പരിക്കുള്ളത്.

ഇസ്രായേൽ പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനമാക്കി സൈനിക, രാഷ്ട്രീയ വിശകലന വിദഗ്ധൻ എലിജ മാഗ്നിയർ പറയുന്നത് ഇപ്രകാരം. ‘‘അതൊരു രഹസ്യാന്വേഷണ ഓപറേഷനോ ലക്ഷ്യം നിർണയിച്ചുള്ള ആക്രമണമോ ആയിരുന്നില്ല. റഫയിൽ മൂന്നുപേർ കെട്ടിടത്തിനുള്ളിൽനിന്ന് ഇസ്രായേൽ സൈന്യത്തിന് നേരെ വെടിയുതിർത്തു. നേർക്കുനേരെയുള്ള പോരാട്ടമായിരുന്നു. ഇസ്രായേൽ ടാങ്കുകൾ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയും കെട്ടിടം തകർക്കുകയും ചെയ്തു. പിറ്റേ ദിവസമാണ് മരിച്ചവരിൽ ഒരാൾക്ക് സിൻവാറുമായി സാദൃശ്യം തോന്നുന്നതും മൃതദേഹം പരിശോധനക്ക് അയക്കുന്നതും. അവിടെ തുരങ്കമൊന്നും ഉണ്ടായിരുന്നില്ല.’’

 ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ പാഠപുസ്തകമായി ‘അ​ശ്ശൗ​കു വ​ൽ ഖ​റ​ൻ​ഫു​ൽ’

ഇസ്രായേൽ തടവിലായിരിക്കെ യഹ്‍യ സിൻവാർ എഴുതിയ ‘അ​ശ്ശൗ​കു വ​ൽ ഖ​റ​ൻ​ഫു​ൽ’ നോവൽ ഫ​ല​സ്തീ​ൻ വി​മോ​ച​ന പോ​രാ​ട്ട​ത്തി​ന്റെകൂടി ക​ഥയാണ്. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ വേ​ദ​ന​ക​ളും പ്ര​തീ​ക്ഷ​ക​ളും യഥാർഥ സംഭവങ്ങളുമായി സ​ർ​ഗാ​ത്മ​കമായി കോർത്തിണക്കിയാണ് ഇത് എഴുതിയത്. ഫലസ്തീനികളുടെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും മേൽ അധിനിവേശം അധികാരം പ്രയോഗിച്ചതിന്റെ നാൾവഴികൾ സിൻവാർ തീവ്രമായി ആവിഷ്‍കരിച്ചിട്ടുണ്ട്. 1967ലെ ​യു​ദ്ധ​ത്തി​ൽ അ​റ​ബ് സൈ​ന്യ​ത്തി​നേ​റ്റ തി​രി​ച്ച​ടിമു​ത​ൽ അ​ൽ​അ​ഖ്സ ഇ​ൻ​തി​ഫാ​ദ പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​തുവ​രെ​യു​ള്ള ഫ​ല​സ്തീ​ൻ ച​രി​ത്ര​ത്തി​ലെ മി​ക്ക സം​ഭ​വ​ങ്ങ​ളും നോ​വ​ലി​ലു​ണ്ട്. ‘മു​ൾ​ച്ചെ​ടി​യും ക​ര​യാ​മ്പൂ​വും’ എ​ന്ന പേ​രി​ൽ മലയാളത്തിലേക്ക് മൊ​ഴി​മാ​റ്റം ​ചെ​യ്ത‌് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • അടിച്ചമർത്തലും അപമാനവും നേരിട്ട് മരിക്കുന്നതിനെക്കാൾ രക്തസാക്ഷികളായി മരിക്കാനാണ് ഞങ്ങൾക്ക് താൽപര്യം’’
  • അണികൾ ഒന്നൊന്നായി കൊല്ലപ്പെടുമ്പോൾ നല്ല പെരുമാറ്റമുള്ള ഇരകളായിരിക്കും ഹമാസ് എന്നാണോ ലോകം പ്രതീക്ഷിക്കുന്നത്’’
  • മരിക്കാൻ ഭയമുണ്ടായിട്ടല്ല, ശത്രുവിനെ അങ്ങനെ സന്തോഷിക്കാൻ വിടേണ്ട എന്ന സംഘടന തീരുമാനത്തിന്റെ ഭാഗമായാണ് താനടക്കം നേതാക്കൾ പുറത്ത് പ്രത്യക്ഷപ്പെടാത്തത്. മരണം വിധിക്കപ്പെട്ട ദിവസത്തിൽ നിങ്ങളെ രക്ഷിക്കാൻ ഒന്നിനും കഴിയില്ല. വിധിക്കപ്പെടാത്ത ദിവസം മരിക്കുകയുമില്ല’’

       -യഹ്‍യ സിൻവാർ

Tags:    
News Summary - The Fierce Face of the Palestinian Movement; The future of Hamas without Yahya Sinwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.