ഇസ്രായേൽ സർക്കാറിൽ ഭിന്നത രൂക്ഷമാകുന്നു; മന്ത്രിസഭായോഗം ബഹിഷ്കരിച്ച് നാഷനൽ യൂനിറ്റി പാർട്ടി

തെൽ അവീവ്: മൂന്നു മാസം പിന്നിട്ടിട്ടും ഗസ്സ യുദ്ധത്തിൽ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ വലയുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തലവേദനയായി യുദ്ധകാല സർക്കാറിൽ ഭിന്നതയും രൂക്ഷമാകുന്നു. ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗം നാഷനൽ യൂനിറ്റി പാർട്ടിയിലെ മൂന്നു മന്ത്രിമാർ ബഹിഷ്കരിച്ചു.

മുൻപ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് ഉൾപ്പെടെയുള്ളവരാണ് ബഹിഷ്കരിച്ചത്. നെതന്യാഹുവിന്‍റെ സഖ്യസർക്കാറിൽ ബെന്നിയുടെ നാഷനൽ യൂനിറ്റി പാർട്ടിയില്ലെങ്കിലും യുദ്ധകാല സർക്കാറിൽ അവർ അംഗമാണ്. ഐ.ഡി.എഫ് മേധാവി ഹെർസി ഹലേവിയും തീവ്രവലതുപക്ഷ മന്ത്രിമാരും തമ്മിൽ നേരത്തെ നിലനിൽക്കുന്ന അഭിപ്രായഭിന്നതയാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് എത്തിയത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിലെ സൈനിക, സുരക്ഷ വീഴ്ചകളിൽ ഹലേവി പ്രഖ്യാപിച്ച അന്വേഷണമാണ് തീവ്രവലതുപക്ഷക്കാരനായ ദേശസുരക്ഷ വകുപ്പ് മന്ത്രി ഇതമർ ബെൻഗ്വിർ ഉൾപ്പെടെ മന്ത്രിമാരെ ചൊടിപ്പിച്ചത്.

എന്നാൽ, ഹലേവിയെ പ്രതിരോധിക്കുന്ന നിലപാടാണ് ബെന്നിയുടെ യൂനിറ്റി പാർട്ടി സ്വീകരിച്ചത്. യുദ്ധകാല സർക്കാറിലെ മറ്റു പല നിലപാടുകളോടും തീവ്രവലതുപക്ഷ നേതാക്കൾക്ക് കടുത്ത വിയോജിപ്പാണ്. ഗസ്സയിൽനിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ജൂത കുടിയേറ്റത്തിന് സൗകര്യമൊരുക്കണമെന്നാണ് സർക്കാറിലെ തീവ്രവലതുപക്ഷക്കാരായ മന്ത്രിമാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് തങ്ങളുടെ സർക്കാറിന്‍റെയോ, ഇസ്രായേൽ ജനതയുടേയോ നിലപാടല്ലെന്നാണ് ഇസ്രായേൽ പ്രസിഡന്‍റ് കഴിഞ്ഞദിവസം പറഞ്ഞത്. അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും ശത്മായ എതിർപ്പാണ് ഇസ്രായേലിനെ കുഴക്കുന്നത്.

അതേസമയം, യുദ്ധസമയത്തെ നെതന്യാഹുവിന്‍റെ പ്രവർത്തനത്തിൽ ഭൂരിഭാഗം ഇസ്രായേലികളും അസംതൃപ്തരാണെന്ന പുതിയ സർവേ റിപ്പോർട്ട് പുറത്തുവന്നു. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റ് കോർപറേഷൻ നടത്തിയ സർവേയിൽ പങ്കെടുത്ത 64 ശതമാനം പേരും നെതന്യാഹുവിന്‍റെ പ്രവർത്തനം മികച്ചതല്ലെന്നാണ് രേഖപ്പെടുത്തിയത്. സർക്കാറിനെ നയിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി നാഷനൽ യൂനിറ്റി പാർട്ടി നേതാവായ ബെന്നി ഗാന്‍റ്സാണെന്ന് 46 ശതമാനം പേരും അഭിപ്രായപ്പെട്ടു.

25 ശതമാനം പേർ മാത്രമാണ് നെതന്യാഹുവിനെ അനുകൂലിച്ചത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നാഷനൽ യൂനിറ്റി പാർട്ടി 33 സീറ്റുകളിൽ ജയിക്കുമെന്ന് സർവേ പറയുന്നു. 20 സീറ്റുകളിലാണ് നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ട് വിജയസാധ്യത കൽപിക്കുന്നത്.

Tags:    
News Summary - ‘Divisions’ in Israeli government as ministers boycott meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.