മാധ്യമങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്: യുദ്ധ​മെന്ന് പറഞ്ഞാൽ ലൈസൻസ് റദ്ദാക്കും, പകരം ഈ പേര് ഉപയോഗിക്കാം..

മോസ്കോ: യുക്രെയ്നിൽ റഷ്യ നടത്തുന്ന ഏകപക്ഷീയ അധിനിവേശം ഒരാഴ്ച പിന്നിടവേ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ സർക്കാർ. യുക്രെയ്നിലെ സൈനിക നടപടിയെ വിശേഷിപ്പിക്കാൻ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകൾ ഉപയോഗിക്കരുതെന്നും അങ്ങനെ ചെയ്താൽ വെബ്സൈറ്റിന്റെ പ്രവർത്തനം നിരോധിക്കുമെന്നുമാണ് റഷ്യൻ ഇന്റർനെറ്റ് സെൻസർ ബോർഡ് നൽകിയ അറിയിപ്പ്. പകരം, 'പ്രത്യേക സൈനിക ഓപറേഷൻ' എന്ന പേര് ഉപയോഗിക്കാനാണ് നിർദേശം. ഇതേക്കുറിച്ച് രാജ്യത്തെ വിദ്യാലയങ്ങളിലും ഇന്നലെ മുതൽ പ്രത്യേക ​േബാധവത്കരണ ക്ലാസുകളും തുടങ്ങിയിട്ടുണ്ട്.

രക്തരൂക്ഷിതമായ അധിനിവേശത്തിനെതിരെ റഷ്യക്കകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. യുദ്ധത്തിനെതിരെ പ്രതിഷേധിച്ച 7,000 ത്തോളം പേരെ ഇതിനകം റഷ്യ അറസ്റ്റു ചെയ്‌തു.


സ്കൂളുകളിൽ യുദ്ധം പ്രമേയമാക്കി പ്രത്യേക സാമൂഹിക പഠന ക്ലാസുകളാണ് ചൊവ്വാഴ്ച മുതൽ തുടങ്ങിയത്. രാഷ്ട്ര ചരിത്രത്തെക്കുറിച്ച് ഗവൺമെന്റിന്റെ ഔദ്യോഗിക നിലപാടുകളാണ് അധ്യാപകർ ഈ ക്ലാസിൽ വിവരിക്കുക. ഇതിനായി സ്കൂളുകളിൽ പ്രത്യേക കൈപ്പുസ്തകം വിതരണം ചെയ്തിട്ടുണ്ട്. 20-ാം നൂറ്റാണ്ട് വരെ യുക്രെയ്ൻ എന്ന രാഷ്ട്രം നിലവിലുണ്ടായിരുന്നില്ല എന്നാണ് സ്വതന്ത്ര റഷ്യൻ മാധ്യമമായ മീഡിയസോണ പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിൽ പറയുന്നത്. ഇവർ ചൂണ്ടികാട്ടുന്നു. രക്തരൂക്ഷിതമായ അട്ടിമറിയിലൂടെ യുക്രെയ്നിൽ 2014-ൽ അമേരിക്കൻ പാവ ഭരണകൂടം സ്ഥാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

'കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കുകൾ ഇതിനെതിരെ രഒഗത്തുവന്നു. എട്ട് വർഷത്തോളം അവരെ ഉപരോധിക്കുകയും 'വംശഹത്യ'ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് റഷ്യ ഇപ്പോൾ 'സമാധാന പരിപാലനത്തിനുള്ള പ്രത്യേക ഓപറേഷൻ' നടത്തുന്നത്' -കൈപുസ്തകം വിവരിക്കുന്നു.


യുക്രെയ്നിലെ റഷ്യൻ വിരുദ്ധ വിഭാഗം ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷി കൈവരിച്ചതും റഷ്യയുടെ സുരക്ഷാ ആശങ്കകൾ വാഷിങ്ൺ അവഗണിച്ചതും നാറ്റോയുടെ നീക്കങ്ങളും 'സൈനിക ഓപറേഷന്' പ്രേരകമായതായി ഇതിൽ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ടിക് ടോക് പോലുള്ള സോഷ്യൽ മീഡിയ ആപ്പുകളിലൂടെ കുട്ടികൾ യുദ്ധവിരുദ്ധ കാമ്പയിനുകളിൽ ആകൃഷ്ടരാവുന്നത് നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് സ്കൂളുകളിൽനിന്ന് കത്ത് നൽകിയതായി 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു. "say no to war" എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാനും സുരക്ഷിതമല്ലാത്ത പ്രതിഷേധ പരിപാടികളിൽ പ​ങ്കെടുക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികൾ പ്രേരിപ്പിക്കപ്പെടുന്നതായും കത്തിൽ പറയുന്നു. അതുപോലെ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഫ്ലാഷ് മോബ്‌സ്, ലിംഗമാറ്റത്തെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങൾ, സ്വവർഗ ബന്ധങ്ങളുടെ പ്രോത്സാഹനം തുടങ്ങിയ ദുഷ്പ്രവണതകളും ഇവയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഏതാനും വർഷങ്ങളായി കൗമാരക്കാർക്ക് സൈനികാഭ്യാസവും ദേശസ്നേഹവും പ്രോത്സാഹിപ്പിക്കുന്നതിന് റഷ്യ മുൻഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമാണ് 2015-ൽ രൂപവത്കരിച്ച 'യൂത്ത് ആർമി'. എട്ട് മുതൽ 18 വരെ പ്രായമുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇതിന്റെ ക്യാമ്പി​ൽ പതിവായി പങ്കെടുക്കുന്നത്. ഇവരെ ആയുധങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കുന്ന ക്യാമ്പിൽ, ദേശഭക്തി വളർത്താനുതകുന്ന ക്ലാസുകളും നൽകും.

Tags:    
News Summary - Do not call Ukraine invasion a ‘war’, Russia tells media, schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.