കോവിഡ് പിടിപെടുന്നത് ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട്; പുതിയ കണ്ടെത്തലുമായി ട്രംപ്

വാഷിങ്ടൺ: കോവിഡ് രോഗം പിടിപെട്ടതിൽ പുതിയ കണ്ടെത്തലുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കോവിഡ് പിടിപെടുന്നത് ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടാണെന്ന് ട്രംപ് പറയുന്നു. അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

"എനിക്ക് മികച്ചതെന്ന് തോന്നുന്നു. ഇത് ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമാണെന്ന് ഞാൻ കരുതുന്നു. ഇത് യഥാർഥ ഭാവം മറച്ചുവെച്ചുള്ള അനുഗ്രഹമാണ്. ഞാൻ അത് പിടിച്ചെടുത്തു"- ട്രംപ് പറയുന്നു.

കോവിഡ് പ്രതിരോധ മരുന്നിനെ കുറിച്ചും ചികിത്സയെ കുറിച്ചും ട്രംപ് വിഡിയോയിൽ വിവരിക്കുന്നുണ്ട്. "ഈ മരുന്നിനെക്കുറിച്ച് ഞാൻ കേട്ടു. അത് എടുക്കാൻ ഞാൻ ആവശ്യപ്പെട്ടു. ഇത് എന്‍റെ നിര്‍ദേശമാണ്. അത് അവിശ്വസനീയമായിരുന്നു. അത് അതിശയകരമായ ഒരു ജോലി ചെയ്തെന്നും" ട്രംപ് അവകാശപ്പെടുന്നു.

ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ആറു ദിവസത്തിന് ശേഷമാണ് വിഡിയോ പുറത്തുവരുന്നത്. ഒാവൽ ഒാഫീസിന് പുറത്തുവെച്ച് ചിത്രീകരിച്ച വിഡിയോയിൽ 'നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്‍റ് ' എന്ന് ട്രംപ് സ്വയം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

കോവിഡ് വിഷയത്തിൽ ചൈനയെ ട്രംപ് കടന്നാക്രമിക്കുകയും ചെയ്തു. കോവിഡ് വൈറസ് എന്നത് ചൈനയുടെ വലിയ പിഴവാണ്. അമേരിക്കയോടും ലോകത്തോടും ചൈന ചെയ്ത കാര്യങ്ങൾക്ക് അവർ വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധ മരുന്ന് യു.എസ് വിതരണം ചെയ്യാൻ പോവുകയാണ്. സൈന്യമാണ് മരുന്ന് വിതരണം ചെയ്യുന്നത്. മരുന്ന് സൗജന്യമാണ്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി തങ്ങൾ കാത്തിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.