തെൽഅവീവ്: ഇന്നലെ ഗസ്സയിൽ കൊല്ലപ്പെട്ട ഐ.ഡി.എഫ് 401 ബ്രിഗേഡിന്‍റെ കമാൻഡറും മുതിർന്ന സൈനികോദ്യോഗസ്ഥനുമായ കേണൽ എഹ്സാൻ ദഖ്സ ഇസ്രായേൽ ക്രൂരതയുടെ സൈനികമുഖം. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ലക്ഷക്കണക്കിന് ഫലസ്തീനികൾ തിങ്ങിപ്പാർത്ത റഫയിലെ അഭയാർഥിക്യാമ്പുകൾ ആക്രമിച്ച് കൂട്ടക്കുരുതി നടത്തുന്നതിൽ ദഖ്സയും 401ാം ബ്രിഗേഡും പങ്കുവഹിച്ചിരുന്നു.
ലക്ഷത്തിലേറെ ഫലസ്തീനികളെ മൂന്നാഴ്ചയോളമായി ബന്ദികളാക്കി വളഞ്ഞിട്ട് ആക്രമിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുന്ന ജബലിയ അഭയാർഥി ക്യാമ്പിലാണ് ദഖ്സ കൊല്ലപ്പെട്ടത്. ഇവിടെ സൈനിക നീക്കം നടത്തുന്നതിനിടെ ഇന്നലെ ഫലസ്തീൻ പോരാളികൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. എഹ്സാൻ ദഖ്സയും 52-ാം ബറ്റാലിയൻ കമാൻഡറും മറ്റ് രണ്ട് സൈനികരും യുദ്ധ ടാങ്കുകളിൽ നിന്ന് ഇറങ്ങിയ ഉടൻ നടന്ന സ്ഫോടനത്തിൽ ദഖ്സ തൽക്ഷണം കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന 52ാം ബറ്റാലിയൻ കമാൻഡർക്ക് ഗുരുതരമായും മറ്റ് രണ്ട് സൈനികർക്ക് സാരമായും പരിക്കേറ്റു.
ഇസ്രായേലിലെ ന്യൂനപക്ഷ വിഭാഗമായ ദ്രൂസ് സമുദായാംഗമാണ് 41 കാരനായ ദഖ്സ. ഗസ്സയിലെ സൈനിക നീക്കത്തിനിടെ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ഇയാൾ. ഈ വർഷം ജൂണിലാണ് 401-ാം ബ്രിഗേഡിൻ്റെ കമാൻഡറായത്. 2006 ലെ രണ്ടാം ലെബനൻ യുദ്ധത്തിലും പങ്കെടുത്തിരുന്നു.
ദഖ്സയുടെ മരണം ഇസ്രായേലിന് തീരാനഷ്ടമാണെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു. റഫയിൽ സൈനികരെ നയിക്കുന്നതിനിടയിൽ ദഖ്സയെ കണ്ടുമുട്ടിയിരുന്നുവെന്നും ഈ ദൗത്യത്തിൽ അദ്ദേഹം തന്റെ ആക്രമണാത്മകത പ്രകടിപ്പിച്ചിരുന്നുവെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ധീരനായ കമാൻഡറും ധീരനായ ഉദ്യോഗസ്ഥനുമാണെന്നും യോവ് ഗാലന്റ് കൂട്ടിച്ചേർത്തു. ഗസ്സ യുദ്ധത്തിന്റെ തുടക്കം മുതൽ പോരാട്ടത്തിലുള്ള ധീരനായകനാണ് ദഖ്‌സയെന്നാണ് ദലിയത്ത് മേയർ റഫീക്ക് ഹലാബി പറഞ്ഞത്. ദ്രൂസ് സമൂഹത്തിന്റെ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലാണ് ദഖ്സയുടെ മരണമെന്ന് മുൻ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു.
ഈ മാസം തുടക്കത്തിൽ ജബലിയയിൽ ദഖ്സ അടക്കമുള്ള ഐഡിഎഫ് സൈനികർ തുടങ്ങിയ ഉപരോധവും ആക്രമണവും ഇപ്പോഴും അതിതീവ്രമായി തുടരുകയാണ്. ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെമാത്രം കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം 87 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 100ലേറെ പേർക്ക് പരിക്കേൽക്കുകയും കാണാതാവുകയും ചെയ്തു. ഇവിടെ ഒരു ബഹുനില കെട്ടിടത്തിലും പരിസരങ്ങളിലെ നിരവധി വീടുകളിലും കൂട്ടമായി ബോംബുവർഷിച്ചാണ് സമീപനാളുകളിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയത്. മുന്നറിയിപ്പില്ലാതെയായതിനാൽ ആളുകൾക്ക് പുറത്തുകടക്കാനാവും മുമ്പ് കെട്ടിടങ്ങൾ ഒന്നാകെ നിലംപൊത്തിയത് ആളപായം കൂട്ടി. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ തിരച്ചിൽ നടത്താൻ സംവിധാനങ്ങളില്ലാത്തതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഗസ്സ സിറ്റിയിൽ അൽശാത്വി അഭയാർഥി ക്യാമ്പിലെ അസ്മ സ്കൂൾ ബോംബിട്ട് തകർത്ത് ഏഴുപേരെ ഇസ്രായേൽ വധിച്ചു. യു.എൻ അഭയാർഥി ക്യാമ്പായി ഉപയോഗിച്ചുവന്ന സ്കൂളാണ് തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.