ഗസ്സ സിറ്റി: തലക്ക് വെടിയേറ്റതാണ് ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിൽ പങ്കാളിയായ ഇസ്രായേൽ നാഷനൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ന്യൂയോർക് ടൈംസ് പത്രത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെറിയ മിസൈലിൽ നിന്നോ ടാങ്ക് ഷെല്ലിൽ നിന്നോ ഉള്ള ചീളുകൾ തറച്ച് കൈക്ക് പരിക്കേറ്റ നിലയിലായിരുന്നു സിൻവാർ. കൈത്തണ്ട തകർന്നിരുന്നു. കൈയിലെ രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടയിലാണ് തലക്ക് വെടിയേറ്റത്.
ഇടതു കാലിൽ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ച നിലയിലും ആയിരുന്നു. പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞാവാം മരണം സംഭവിച്ചത്.
മൃതദേഹത്തിൽ നിന്ന് ശേഖരിച്ച വിരലിൽ നിന്നാണ് സിൻവാറിന്റെ ഡി.എൻ.എ പരിശോധന പൂർത്തിയാക്കിയത്. നേരത്തേ സിൻവാർ തടവുകാരനായിക്കഴിഞ്ഞ സമയത്ത് ശേഖരിച്ച ഡി.എൻ.എ സാമ്പിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിൻവാർതന്നെയാണെന്ന് ഉറപ്പിച്ചതെന്നും ചെൻ കുഗേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.