ജറൂസലം: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് സംശയം ഉന്നയിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന് മറുപടിയായി മരിച്ചവരെ സംബന്ധിച്ച പൂർണ വിവരങ്ങളുമായി ഗസ്സ ആരോഗ്യ മന്ത്രാലയം. 210 പേജ് വരുന്ന റിപ്പോർട്ടിലാണ് കൊല്ലപ്പെട്ടവരുടെ പേര്, വയസ്സ്, തിരിച്ചറിയൽ രേഖ നമ്പർ എന്നീ പൂർണ വിവരങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിൽ മാധ്യമങ്ങളെ കണ്ട ബൈഡൻ ‘‘ഫലസ്തീനികൾ സത്യമാണോ പറയുന്നത് എന്നറിയില്ല. നിരപരാധികൾ മരിക്കുന്നുണ്ടെന്നുറപ്പാണ്. എന്നാൽ, ഒരു യുദ്ധം നയിക്കുമ്പോൾ അതിന് നൽകേണ്ടിവരുന്ന വിലയാണ്’’ എന്നായിരുന്നു പ്രതികരിച്ചത്. ഇതിനുള്ള മറുപടിയിലാണ് ഗസ്സ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് പുറത്തുവിട്ടത്.
‘‘യു.എസ് ഭരണകൂടം മാനുഷിക നിലവാരമോ ധാർമികതയോ അടിസ്ഥാന മനുഷ്യാവകാശങ്ങളോ ഇല്ലാത്തവരാണെന്നും അതിനാലാണ് നാണമില്ലാതെ മരിച്ചവരുടെ പേരുവിവരങ്ങൾ ചോദിക്കുന്നതെന്നും’’ മന്ത്രാലയ വക്താവ് അശ്റഫ് അൽഖുദ്റ പറഞ്ഞു. ഏഴായിരത്തിലേറെ പേർ ഗസ്സയിൽ കുരുതിക്കിരയായി. ഇവരിൽ 2,913 കുട്ടികളാണ്.
തിരിച്ചറിയാതെ 218 പേരുണ്ട്. അതിനാൽ, മരണക്കണക്കുകളിൽ പെടുത്തിയിട്ടില്ലെന്നും അൽഖുദ്റ പറഞ്ഞു. ആശുപത്രിയിലെത്തിക്കാതെ ഖബറടക്കിയവരെയും ഉൾപ്പെടുത്തിയിട്ടില്ല. കെട്ടിടാവശിഷ്ടങ്ങളിൽ കിടക്കുന്ന 1,600ഓളം പേരിൽ ഏറെയും മരിച്ചെന്നുറപ്പാണെങ്കിലും അവരും പട്ടികയിൽ വന്നിട്ടില്ല. ഇത്രയും വിവരങ്ങൾ സംബന്ധിച്ച് ആർക്കും കൂടുതൽ അന്വേഷിക്കാമെന്നും അതിനായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബൈഡന്റെ പ്രസ്താവനക്കെതിരെ അമേരിക്കയിലും പുറത്തും പ്രതിഷേധം ശക്തമാണ്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന ഞെട്ടിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണെന്ന് അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.