ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം

സൻആ: ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഹൂതി വിമതർ സ്ഥിരമായി ആക്രമണം നടത്തുന്ന സ്ഥലത്തുവെച്ചാണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ചെങ്കടലിൽ ബാബ് അൽമന്ദബിനോട് ചേർന്ന് പ്രദേശത്തുവെച്ചാണ് ആളില്ല ഡ്രോൺ കപ്പലിന് നേരെ ആക്രമണം നടത്തിയത്.

സലീഫ് തുറമുഖത്ത് നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്ന സ്ഥലമെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് നാശനഷ്ടമുണ്ടായില്ലെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണ്. ഏജൻസികൾ കപ്പലിന് നേരെ നടന്ന ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചുവെന്നും യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിലാരാണെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രദേശത്ത് നിരവധി തവണ കപ്പലുകൾക്ക് നേരെ ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിന് മറുപടിയായാണ് വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തുന്നത്.

ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ ഇറാന് ശക്തമായ ബന്ധങ്ങളെന്ന ആരോപണവുമായി യു.എസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു . ആയുധങ്ങൾ നൽകിയും തന്ത്രങ്ങൾ പകർന്നും യെമൻ ആസ്ഥാനമായുള്ള റിബൽ ഗ്രൂപ്പിനെ തെഹ്റാൻ പിന്തുണക്കുകയാണെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി.

മേഖലയെ അസ്ഥിരപ്പെടുത്തി ഹൂതികൾ ഏറെയായി തുടരുന്ന പ്രവർത്തനങ്ങൾക്ക് ദീർഘകാലമായി സഹായം നിലനിൽക്കുന്നുണ്ടെന്നും ലോകത്തിന്റെ കൂട്ടായ നടപടി ഇതിനെതിരെ ആവശ്യമാണെന്നും വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് അഡ്രിയൻ വാട്സൺ പറഞ്ഞു. ഇറാന്റെ കെ.എ.എസ്-04 ഡ്രോണുകളും ഹൂതികൾ ഉപയോഗിക്കുന്ന ആളില്ലാ പേടകങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ഇറാൻ- ഹൂതി മിസൈലുകൾക്കിടയിൽ സാമ്യമുണ്ടെന്നും വൈറ്റ്ഹൗസ് ആരോപിച്ചിരുന്നു.

തലസ്ഥാന നഗരമായ സൻആ അടക്കം യമനിലെ ഏറെ പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികൾ ചെങ്കടൽ വഴിയുള്ള നിരവധി ചരക്കുകപ്പലുകൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇസ്രായേൽ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ റാഞ്ചുകയും ചെയ്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ പാതയിൽ അപായസാധ്യത വർധിച്ചതോടെ ഇറ്റാലിയൻ- സ്വിസ് കമ്പനി എം.എസ്.സി, ഫ്രഞ്ച് കമ്പനി സി.എം.എ സി.ജി.എം, ഡെൻമാർക്കിലെ എ.പി മോളർ- മീർസെക് തുടങ്ങിയവ ഇതുവഴി ചരക്കു കടത്ത് നിർത്തിവെച്ചിട്ടുണ്ട്.

ചെങ്കടൽ സുരക്ഷിതമാക്കാൻ 20ലേറെ രാജ്യങ്ങൾ ചേർന്നുള്ള ബഹുരാഷ്ട്ര സേനയെ കഴിഞ്ഞ ദിവസം യു.എസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, തങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ അമേരിക്കൻ യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടുമെന്ന് ഹൂതികൾ പറയുന്നു. ഇറാനെതിരെ കടുത്ത ആരോപണവുമായി യു.എസ് രംഗത്തുണ്ടെങ്കിലും തെഹ്റാൻ അവ നിഷേധിക്കുകയാണ്.

Tags:    
News Summary - Drone explodes near vessel off coast of Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.