വാഷിംങ്ടൺ : അമേരിക്കയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്ന പോസ്റ്റിൽ ടെസ്‌ലയുടെ പേര് പരാമർശിക്കാത്തതിന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി ശതകോടീശ്വരനായ ഇലോൺ മസ്‌ക്. അമേരിക്കകാർ വിഡ്ഢികളാണെന്നപോലെയാണ് ജോ ബൈഡൻ പെരുമാറുന്നതെന്ന് മസ്‌ക് ആരോപിച്ചു. ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെയും എയ്‌റോസ്‌പേസ് നിർമ്മാതാക്കളായ സ്‌പേസ് എക്‌സിന്‍റെയും സ്ഥാപകനാണ് ഇലോൺ മസ്‌ക്.
അമേരിക്കയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ട്വിറ്റർ പോസ്റ്റിൽ 'വാഹന നിർമ്മാതാക്കളായ ഫോർഡ് , ജനറൽ മോട്ടോഴ്സ് കമ്പനികൾ മുമ്പത്തേക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഇവിടെ നിർമ്മിക്കുന്നുണ്ട്' എന്നാണ് ബൈഡൻ പറഞ്ഞത്. തന്‍റെ കമ്പനിയെ പരാമർശിക്കാത്ത പോസ്റ്റിന് മറുപടിയായി ടെസ്‌ല എന്നെഴുതി മസ്ക്ക് ഇതിനോട് പ്രതികരിച്ചു. മറ്റൊരു ട്വീറ്റിൽ, ബൈഡൻ മനുഷ്യരൂപത്തിലുള്ള നനഞ്ഞ സോക്സ് പാവയെ പോലെയാണന്നും മസ്ക്ക് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ജോ ബൈഡൻ പ്രധാന കാർ നിർമാണ കമ്പനികളായ ജനറൽ മോട്ടോഴ്സ്, ഫോർഡ് മോട്ടോർ എന്നിവയുടെ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കന്‍ ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്ന മസ്‌കിനെ ഈ ചർച്ചയിൽ നിന്നും ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.