ആഡിസ് അബാബ: ഇത്യോപ്യയിൽ സർക്കാറും ടിഗ്രെ വിമതരും വെടിനിർത്തലിന് സമ്മതിച്ചു. ആഫ്രിക്കൻ യൂനിയന്റെ മധ്യസ്ഥതയിൽ ദക്ഷിണാഫ്രിക്കയിൽ ഒരാഴ്ചയായി നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. 2020 നവംബറിലാണ് ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടത്. ടിഗ്രെ പീപ്ൾ ലിബറേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ഭരണകൂടത്തിനെതിരെ സംഘടിച്ചത്.
പലപ്പോഴും സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. നൂറുകണക്കിനാളുകളാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. അയൽരാജ്യമായ എറിത്രിയയുമായി ചേർന്ന് പ്രധാനമന്ത്രി അബി അഹ്മദ്, ടിഗ്രെ വംശജരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ടി.പി.എൽ.എഫിന്റെ വാദം. വെടിനിർത്തൽ പ്രഖ്യാപിക്കാൻ കഴിഞ്ഞത് നിർണായക ചുവടുവെപ്പാണെന്നും സമാധാനം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അബി അഹ്മദ് പറഞ്ഞു. ജനങ്ങളുടെ വേദന പരിഗണിച്ച് വിട്ടുവീഴ്ച ചെയ്തതാണെന്നും കരാറിലെ വ്യവസ്ഥകൾ പാലിക്കുമെന്നും ടിഗ്രെ വിമതരുടെ പ്രതിനിധി ഗെറ്റാചു രിദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.