18 വർഷം മുൻപ് പ്രസവത്തിനിടെ സ്വകാര്യഭാഗത്ത് സൂചി കുടുങ്ങി; പുറത്തെടുക്കാനാവാതെ തീരാവേദനയിൽ യുവതി

ബാങ്കോക്: പ്രസവ സമയത്ത് യുവതിയുടെ സ്വകാര്യഭാഗത്ത് അകപ്പെട്ട ശസ്ത്രക്രിയ സൂചി 18 വർഷത്തിന് ശേഷവും നീക്കം ചെയ്യാനായില്ല. ആശുപത്രി അധികൃതരുടെ പിഴവ് മൂലം രണ്ടുപതിറ്റാണ്ടായി കഠിന വേദനയുമായി കഷ്ടപ്പെടുകയാണ് യുവതി.

തായ്‍ലൻഡിലെ നാറാത്തിവാട്ട് പ്രവിശ്യയിലുള്ല 36 കാരിയാണ് ദുരിതംപേറുന്നത്. ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടർന്ന് സ്ത്രീകളെയും കുട്ടികളെയും പിന്തുണക്കുന്ന സംഘടനയായ പവേന ഫൗണ്ടേഷൻ ഫോർ ചിൽഡ്രൻ ആൻഡ് വുമണിൻ്റെ സഹായം തേടി എത്തിയിരിക്കുകയാണ് യുവതി.

ഫൗണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച്, 18 വർഷം മുൻപ് പ്രസവശേഷം തുന്നിക്കെട്ടുന്നതിനിടെയാണ് സൂചി അബന്ധത്തിൽ യുവതിയുടെ സ്വകാര്യഭാഗത്ത് അകപ്പെടുന്നത്. ആ സമയത്ത് തന്നെ പുറത്തെടുക്കാനുള്ള ചെറിയ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അമിത രക്തസ്രാവമുണ്ടാകുമെന്ന് ഭയന്ന് ഡോക്ടർമാർ സൂചി എടുക്കാതെ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകായായിരുന്നു.

തുടർന്ന് വർഷങ്ങളോളം യുവതി വേദന കഠിച്ചമർത്തി കഴിയുകയായിരുന്നു. വേദന പതിവായതിനെ തുടർന്ന് നിരവധി തവണ എക്സ്റേ എടുത്തിരുന്നെങ്കിലും എന്താണെന്ന് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ വർഷം 2023ൽ സർക്കാർ ആശുപത്രിയിൽ നിന്നെടുത്ത ഒരു എക്സറേയിലാണ് സ്വകാര്യഭാഗത്ത് സൂചി ഉണ്ടെന്ന് കണ്ടെത്തുന്നത്. സൂചി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി നിർദേശിച്ചെങ്കിലും സൂചി സ്ഥാനംമാറുന്നതിനാൽ നടപടിക്രമങ്ങൾ വൈകുകയായിരുന്നു.

ആശുപത്രികളിൽ കയറിയിറങ്ങി ചികിത്സ ചിലവുകൾ താങ്ങാൻ പറ്റാത്ത അവസ്ഥയിലായി യുവതി ഒടുവിൽ പവേന ഫൗണ്ടേഷന്റെ സഹായം തേടുകയായിരുന്നു. സൂചി എപ്പോൾ നീക്കം ചെയ്യുമെന്നോ ചികിത്സ എത്രനാൾ തുടരുമെന്നോ ഉള്ള കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സംഭവത്തോട് ആശുപത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല, നിയമനടപടിയോ നഷ്ടപരിഹാരമോ ഉണ്ടാകുമോ എന്ന കാര്യവും വ്യക്തമല്ല.

Tags:    
News Summary - Thai woman discovers surgical needle left in vagina after enduring 18 years of pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.