റഷ്യയെ പ്രകോപിപ്പിച്ച് നാറ്റോ; മോണ്ടിനെഗ്രോക്ക് അംഗത്വം നല്‍കും

ബ്രസല്‍സ്: റഷ്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് നാറ്റോ യു.എസ് നേതൃത്വം നല്‍കുന്ന സഖ്യസേനയിലേക്ക് മോണ്ടിനെഗ്രോയെ ക്ഷണിച്ചു.  
2009ന് ശേഷം ആദ്യമായാണ് നാറ്റോ സഖ്യസേനയെ വികസിപ്പിക്കാന്‍ തീരുമാനിക്കുന്നത്. നാറ്റോയുടേത് ചരിത്ര നീക്കമാണെന്ന് തലവന്‍ ജെന്‍സ് സ്ടോല്‍ടെന്‍ബര്‍ഗ് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് മോണ്ടിനെഗ്രോയെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. 2009ല്‍ അല്‍ബേനിയയേയും ക്രൊയേഷ്യയെയും ഉള്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് നാറ്റോ വേറൊരു രാജ്യത്തെ ക്ഷണിക്കുന്നത്. മോണ്ടിനെഗ്രോയെ സേനയില്‍ ഉള്‍പ്പെടുത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യയും മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ സൈന്യത്തെ വികസിപ്പിക്കുന്നത് റഷ്യയുടെ എതിര്‍പ്പിനെ അവഗണിച്ച് തുടരാനാവില്ളെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. നാറ്റോയുടെ ഇപ്പോഴത്തെ തീരുമാനത്തിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ വികസിപ്പിക്കുന്നത് വീറ്റോ ചെയ്യാന്‍ റഷ്യക്ക് അധികാരമില്ളെന്ന് നാറ്റോ നയതന്ത്ര പ്രതിനിധികള്‍ റഷ്യയെ അറിയിച്ചു.

നാറ്റോയില്‍ അംഗമാകുന്ന 29ാമത്തെ രാജ്യമാണ് മോണ്ടിനെഗ്രോ. അടുത്ത ജൂലൈയില്‍ ചേരുന്ന നാറ്റോ തലവന്മാരുടെ യോഗത്തില്‍ മോണ്ടിനെഗ്രോയുടെ അംഗത്വം അംഗീകരിക്കും. നാറ്റോ ക്ഷണിച്ചത് നല്ല കാര്യമാണെന്നാണ് മോണ്ടിനെഗ്രോ ഭരണകൂടം അഭിപ്രായപ്പെട്ടത്. ബാല്‍ക്കന്‍ മേഖലയുടെ സ്ഥിരതക്ക് മോണ്ടിനെഗ്രോയുടെ നാറ്റോ അംഗത്വം ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 16 വര്‍ഷം മുമ്പ് കൊസോവ യുദ്ധത്തില്‍ നാറ്റോ മോണ്ടിനെഗ്രോയില്‍ ബോംബു വര്‍ഷിച്ചിരുന്നു. അന്ന് യുഗോസ്ലാവ്യയുടെ ഭാഗമായിരുന്നു മോണ്ടിനെഗ്രോ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.