കാറ്റിലോനിയൻ വിഘടനവാദികൾക്ക് തിരിച്ചടി; സ്വാതന്ത്ര്യ പ്രഖ്യാപനം കോടതി തള്ളി

മാഡ്രിഡ്: സ്പെയ്നിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള കാറ്റിലോനിയൻ വിഘടനവാദികളുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. കാറ്റിലോനിയയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ച് പ്രാദേശിക പാർലമെന്‍റ് പാസാക്കിയ പ്രമേയം മാഡ്രിഡിലെ ഭരണഘടന കോടതി തള്ളി. വിഘടനവാദികളെ എതിർത്തു കൊണ്ട് സ്പെയ്ൻ സർക്കാർ സമർപ്പിച്ച ഹരജി വാദം കേൾക്കാനായി കോടതി ഫയലിൽ സ്വീകരിച്ചു.

ദേശീയ വരുമാനത്തിലേക്ക് കാറ്റിലോനിയ നൽകുന്ന 18.82 ശതമാനം വരുമാന വിഹിതത്തിന്‍റെ ആനുപാതികം സ്പെയ്ൻ സർക്കാറിൽ നിന്ന് ലഭിക്കുന്നില്ലെന്ന പരാതിയാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. പ്രാദേശിക തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ സ്വതന്ത്ര രാജ്യം വേണമെന്ന് ജനങ്ങൾ വിധിയെഴുതുകയും ചെയ്തു. ഇതുപ്രകാരമാണ് കാറ്റിലോനിയൻ പാർലമെന്‍റ് സ്വാതന്ത്ര്യ പ്രഖ്യാപന പ്രമേയം പാസാക്കിയത്.


ഒന്നര വർഷത്തിനുള്ളിൽ സ്വതന്ത്ര രാഷ്ട്രമായി മാറാമെന്ന ജനങ്ങളുടെ പ്രതീക്ഷകളാണ് കോടതി ഇടപെടലിലൂടെ തടയപ്പെട്ടത്. ഭരണഘടനാ കോടതിയിലെ നിയമനടപടികൾ അഞ്ച് മാസം നീണ്ടു നിന്നേക്കും. രാജ്യത്തെ അസ്ഥിരപ്പെടുത്താനും ഐക്യം തകർക്കാനും വിഘടനവാദികൾ നടത്തിയ ശ്രമങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് സ്പെയ്ൻ പ്രസിഡൻറ് മാരിയാനോ റജോയ് പ്രതികരിച്ചു. അസമത്വം നേരിടുന്ന ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കാറ്റിലോനിയൻ നേതാവും പ്രസിഡന്‍റുമായ ആർതർ മാസ് പറഞ്ഞു.

സ്പെയ്നിലെ സമ്പന്ന സ്വയംഭരണ മേഖലയായ കാറ്റിലോനിയക്ക് ബാഴ്സലോണ അടക്കം നാല് പ്രവിശ്യകളുണ്ട്. 32,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ വടക്ക് കിഴക്കൻ മേഖല ഫ്രാൻസും മെഡിറ്ററേനിയൻ കടലുമായും അതിർത്തി പങ്കിടുന്നു. 7.5 മില്യനാണ് ജനസംഖ്യ. ദേശീയ ശരാശരിയിൽ തൊഴിൽ രഹിതർ  21 ശതമാനമാണെങ്കിൽ കാറ്റിലോനിയയിൽ ഇത് 19 ശതമാനമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.