വിമാനം വീഴ്ത്തിയത് ഭീകരരെന്ന് റഷ്യ

മോസ്കോ: ഈജിപ്തിലെ സിനായിയില്‍ 224 യാത്രക്കാരുമായി റഷ്യന്‍  ജെറ്റ് വിമാനം തകര്‍ന്നതിന് പിന്നില്‍ ഭീകരരാണെന്ന് റഷ്യ സ്ഥിരീകരിച്ചു. ഒക്ടോബര്‍ 31ന് ഈജിപ്തിലെ ശറമുല്‍ശൈഖില്‍നിന്ന് വിനോദ സഞ്ചാരികളുമായി പുറപ്പെട്ട മെടോ ജെറ്റ് എയര്‍ബസ് എ321 വിമാനം ‘വിദേശ നിര്‍മിത’ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് തകര്‍ത്തതെന്നും ഒരു കിലോ ടി.എന്‍.ടി സ്ഫോടനശേഷിയാണ് ഇതിനുണ്ടായിരുന്നതെന്നും റഷ്യന്‍ സുരക്ഷാ വിഭാഗം (ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ്) മേധാവി അലക്സാണ്ടര്‍ ബോര്‍ട്നികോവ് പ്രസിഡന്‍റ് പുടിനെ അറിയിച്ചു. അതൊരു ഭീകരാക്രമണമായിരുന്നുവെന്ന് സംശയരഹിതമായി പറയാനാവുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നില്‍ പ്രവര്‍ത്തിച്ച ക്രിമിനലുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് കോടി യു.എസ് ഡോളര്‍ (325 കോടി രൂപ) പാരിതോഷികമായി നല്‍കുമെന്നും ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് പ്രഖ്യാപിച്ചു. ഈ കണ്ണീര്‍ നമ്മുടെ ഹൃദയങ്ങളില്‍നിന്നും ആത്മാവില്‍നിന്നും തുടച്ചുകളയില്ളെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടത്തെി ശിക്ഷിക്കാനുള്ള ശ്രമം അവസാനിപ്പിക്കില്ളെന്നും പുടിന്‍ പ്രഖ്യാപിച്ചു. എവിടെപ്പോയൊളിച്ചാലും അവര്‍ക്കായി തിരച്ചില്‍ നടത്തും. ലോകത്തിന്‍െറ ഏതുഭാഗത്തൊളിച്ചാലും അവരെ കണ്ടത്തെി ശിക്ഷിക്കും -അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സംഭവത്തിനു പിന്നില്‍ ഐ.എസ് ആണെന്നത് പുടിന്‍ സ്ഥിരീകരിച്ചില്ല. സിറിയയിലെ വ്യോമാക്രമണം തുടരുക മാത്രമല്ല, ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും പ്രതികാരം അനിവാര്യമായി അവര്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഐ.എസുമായി ബന്ധപ്പെട്ട ഒരു സംഘടന വിമാനം തകര്‍ത്തതിന്‍െറ ഉത്തരവാദിത്തം അവകാശപ്പെട്ടിരുന്നു. വിമാനം തകര്‍ന്നത് ബോംബാക്രമണത്തിലാണെന്ന സംശയം യു.എസും ബ്രിട്ടനും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, റഷ്യ ആ ഘട്ടത്തില്‍ ഇത് നിഷേധിച്ചിരുന്നു. അതിനിടെ, വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട് രണ്ട് വിമാനത്താവള ജീവനക്കാരുള്‍പ്പെടെ 17 പേര്‍ കസ്റ്റഡിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഈജിപ്ത് നിഷേധിച്ചു. വിമാനത്തില്‍ ബോംബുവെക്കാന്‍ സഹായിച്ചവരാണ് പിടിയിലായ രണ്ട് വിമാനത്താവള ജീവനക്കാരെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.