അലപ്പോ(സിറിയ): ഇംറാന്‍ ദഖ്നീശ് എന്ന അഞ്ചുവയസുകാരനെക്കുറിച്ചാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചര്‍ച്ച. ‘ഈ ചിത്രം ഒരുപക്ഷെ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം’ എന്ന ക്ഷമാപണത്തോടെയാണ് ഈ സിറിയന്‍ ബാലന്‍െറ ചിത്രം പലരും പ്രസിദ്ധീകരിച്ചത്.
രാജ്യത്തിന്‍െറ അധികാരം വര്‍ഷങ്ങളായി കൈയടക്കിവെച്ചിരിക്കുന്ന ഏകാധിപതിക്കെതിരെ തുടങ്ങിയ ജനകീയ പ്രക്ഷോഭം ആഭ്യന്തര കലഹത്തിലേക്കും അന്താരാഷ്ട്ര ഇടപെടലുകളിലേക്കും വഴിമാറിയ സിറിയയുടെ ചോരമണമുണ്ട് ആ മുഖത്ത്. ഒരു ദേശത്ത് യുദ്ധം വിതച്ച ആകുലതകയും നിസ്സഹായതയുമെല്ലാം ആ ചിത്രത്തില്‍ പ്രതിഫലിച്ചതിനാലാകാം, ഇംറാന്‍ സിറിയന്‍ സംഘര്‍ഷത്തിന്‍െറ പ്രതീകമായത്. മനുഷ്യഹൃദയങ്ങള്‍ക്ക് നൊമ്പരമായ ഐലാന്‍ കുര്‍ദിയെന്ന അഭയാര്‍ഥി ബാലനെപ്പോലെ മറ്റൊരു വേദനാ ചിത്രമായി മാറുകയാണ് ഇംറാനും. 2011ല്‍ തുടങ്ങിയ സിറിയന്‍ സംഘര്‍ഷത്തില്‍ ഇതിനകം നാലു ലക്ഷത്തോളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ആ ദുരന്തത്തിന്‍െറ ജീവിക്കുന്ന രക്തസാക്ഷിയായിരിക്കുന്നു ഇംറാന്‍.
സിറിയയിലെ പ്രധാന നഗരമായ അലപ്പോയില്‍ വിമതനിയന്ത്രണത്തിലുള്ള ഖത്തര്‍ജി മേഖലയില്‍ ബുധനാഴ്ച സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് ഇംറാനെ രക്ഷപ്പെടുത്തിയത്. മുടി മുതല്‍ കാല്‍പാദം വരെ പൊടിയില്‍പൊതിഞ്ഞ നിലയിലാണ് കുട്ടിയെ ആംബുലന്‍സിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എടുത്തുവെച്ചത്. നെറ്റിയില്‍ പരിക്കേറ്റ് മുഖത്തുനിന്നും രക്തം ഒലിച്ച് കട്ടപിടിച്ചുനിന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മഹ്മൂദ് റസ്ലാന്‍ എന്ന ഫോട്ടോ ജേണലിസ്റ്റാണ് ആ ദയനീയ രംഗങ്ങള്‍ പകര്‍ത്തിയത്.
ഇംറാനൊപ്പം ഒന്നും ആറും പതിനൊന്നും വയസ്സ് പ്രായമുള്ള സഹോദരങ്ങളെയും മാതാപിതാക്കളെയും രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും രക്ഷപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ അഞ്ചു കുട്ടികളടക്കം എട്ടുപേര്‍ മരിച്ചതായി ഇംറാനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. മാസങ്ങളായി അലപ്പോയില്‍ രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നത്. റഷ്യന്‍ വ്യോമസേനയുടെ പിന്തുണയോടെ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് പതിനായിരങ്ങള്‍ ഇതിനകം പലായനം ചെയ്തു കഴിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് രാസായുധങ്ങളും ഈ മേഖലയില്‍ പ്രയോഗിച്ചതിന്‍െറ തെളിവുകള്‍ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.