അഭയാര്‍ഥി പ്രശ്നം ചര്‍ച്ചചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ തുര്‍ക്കിയില്‍

അങ്കാറ: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതിന് തുര്‍ക്കിയുടെ സഹകരണം തേടി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ തുര്‍ക്കിയിലത്തെി.റഷ്യയുടെ പിന്തുണയോടെ അലപ്പോയില്‍ സിറിയന്‍ സര്‍ക്കാര്‍ സൈനിക നടപടി ശക്തമാക്കിയതോടെ തുര്‍ക്കി അതിര്‍ത്തിയില്‍ പതിനായിരങ്ങളാണ് അഭയാര്‍ഥികളായി എത്തിയിരിക്കുന്നത്. കടല്‍ മാര്‍ഗം തുര്‍ക്കിവഴി യൂറോപ്പിലേക്ക് കടക്കുന്നവരില്‍ ബോട്ടു മുങ്ങി മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലുവുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അഭയാര്‍ഥിപ്രവാഹം തടയുന്നതിന് പകരമായി 3.3 ബില്യണ്‍ യു.എസ് ഡോളറിന്‍െറ സൈനിക സഹായം യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തുര്‍ക്കിക്ക് ധാര്‍മികമായ ഉത്തരവാദിത്തമുണ്ടെങ്കിലും അവര്‍ യൂറോപ്പിലേക്ക് കടക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് യൂറോപ്യന്‍ യൂനിയന്‍െറ നിലപാട്.
അലപ്പോയിലെ സൈനികനീക്കത്തെ തുടര്‍ന്ന് ഒന്‍കുപിനാര്‍ അതിര്‍ത്തിയില്‍ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതിനായിരം വരുന്ന സംഘം മൂന്നാം ദിവസവും പ്രവേശനാനുമതിക്കായി കാത്തുനില്‍ക്കുകയാണ്. മഴയും തണുപ്പും കാരണം ഇവരുടെ ദുരിതം വിവരണാതീതമായിരിക്കുകയാണ്. റഷ്യയുടെ വ്യോമാക്രമണവും സിറിയയുടെ സൈനികനീക്കവും ശക്തമാകുന്ന മുറക്ക് ഇനിയും എഴുപതിനായിരമാളുകള്‍ ഇവിടേക്ക് പ്രവഹിക്കുമെന്നാണ് കരുതുന്നത്. അഭയാര്‍ഥികളുടെ താല്‍ക്കാലിക താമസത്തിനുള്ള പ്രാഥമിക സംവിധാനങ്ങള്‍ തുര്‍ക്കിയില്‍നിന്നും അതിര്‍ത്തി വഴി സിറിയയിലേക്ക് ട്രക് മാര്‍ഗം എത്തിക്കുന്നുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥികളെ സഹായിക്കുമെന്ന് തുര്‍ക്കി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലൂം അതിര്‍ത്തികള്‍ തുറന്നിട്ടില്ല. അനിവാര്യമായാല്‍ സഹായത്തിനു കേഴുന്നവര്‍ക്കായി അതിര്‍ത്തികള്‍ തുറന്നു കൊടുക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.