നരകതുല്യം പെണ്‍ അഭയാര്‍ത്ഥി ജീവിതം

മാസിഡോണിയ: യൂറോപിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ ഇരുന്ന് അവര്‍ പറയുകയാണ് കടല്‍ താണ്ടിയത്തെുന്ന യാത്രാപഥങ്ങളില്‍ പെണ്ണ് അനുഭവിക്കുന്ന സമാനകളില്ലാത്ത യാതനകളെപ്പറ്റി. തണുത്തുഞ്ഞ രാത്രിയില്‍ കണ്‍പോളകളില്‍ കനം തൂങ്ങുന്ന ഉറക്കത്തെ ആട്ടിപ്പായിച്ച് ഇരുട്ടിലേക്ക് കണ്ണുകള്‍ തുറിച്ച് ഇരിക്കേണ്ടിവരുന്ന ഗതികേടിനെ പറ്റി. ‘നിങ്ങള്‍ക്കറിയില്ല, ആരെയും വിശ്വസിക്കാന്‍ ആവാത്ത ഞങ്ങളുടെ അവസ്ഥയെ കുറിച്ച്. ഞങ്ങളോ കുട്ടികളോ ഏതു നിമിഷവും എവിടെയും ആക്രമിക്കപ്പെടാം, തട്ടിക്കൊണ്ടുപ്പോവപ്പെടാം. അങ്ങനെയുള്ള എത്രയെത്ര കഥകള്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. എല്ലാവരും ഒന്നിച്ച് ഉറങ്ങില്ല. ഞങ്ങളുടെ കൂട്ടത്തിലെ ആരെങ്കിലും ഒരാള്‍ ഉറക്കമിളച്ച് കാവല്‍ ഇരിക്കുകയാണ് പതിവ് ’- മൂന്നാഴ്ച മുമ്പ് കുഞ്ഞിനെയും കൊണ്ട് തന്‍്റെ രണ്ട് പെണ്‍ കൂട്ടുകാരികള്‍ക്കൊപ്പം ഇറാഖിലെ ബഗ്ദാദില്‍  നിന്ന് ഇറങ്ങിയതാണ് 38കാരിയായ സമേഹര്‍.  നേര്‍ത്ത ശബ്ദത്തില്‍ ദു:ഖം തളം കെട്ടിയ മുഖത്തോടെ അവര്‍ ആ കഥ പറഞ്ഞു. ഗ്രീക്ക് - മാസിഡോണിയ അതിര്‍ത്തിയിലെ ക്യാമ്പില്‍ സെര്‍ബിയയിലേക്കുള്ള ട്രെയിന്‍ പ്രതീക്ഷിച്ചു കഴിയുകയാണവര്‍.
ഞാന്‍ ആകെ തളര്‍ന്നിരിക്കുകയാണ്. ഉറക്കം വന്നാല്‍ പോലും എനിക്കതിനാവില്ല. എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് അപ്പോള്‍ തോന്നും- ഡമസ്കസില്‍ നിന്നുള്ള മനാലിനൊപ്പം അവരുടെ രണ്ട് ചെറിയ പെണ്‍കുട്ടികള്‍ അടക്കം മൂന്നു മക്കള്‍ ഉണ്ട്. നാലാമത്തെ കുഞ്ഞാവട്ടെ അവരുടെ വയറ്റിലും. നിറവയറുമായാണ് റബ്ബറിന്‍്റെ ചെറുബോട്ടില്‍ അവര്‍ മെഡിറ്ററേനിയന്‍ കടല്‍ താണ്ടിയത്. ദുരിതത്തിന്‍്റെ മറ്റൊരു കരകണാകടല്‍ ആയിരുന്നു അത്.  ഗര്‍ഭിണിയായിക്കെ ഇത്തരമൊരു യാത്ര എത്രമേല്‍ ക്ളേശകരമായിരിക്കുമെന്ന് പറയാന്‍ അവരില്‍ വാക്കുകള്‍ ഇല്ല. രണ്ടാഴ്ച തുടര്‍ച്ചയായി യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. അതിനിടയില്‍ അതിര്‍ത്തികളിലൂടെ അവര്‍ നടന്നു താണ്ടിയ കിലോമീറ്ററുകള്‍ക്ക് കണക്കില്ല.

ഒരു പുരുഷന്‍റേതിനേക്കാള്‍ ഭീകരമാണ് ഒരു സ്ത്രീ അഭയാര്‍ത്ഥിയാവുമ്പോഴുള്ള അവസ്ഥ. ഒപ്പമുള്ള കുഞ്ഞുങ്ങളെ ശ്രദ്ധിക്കണം. അതൊരിക്കലും അവസാനിക്കാത്ത ഒന്നാണ്. എന്നാല്‍, പുരുഷന്‍മാര്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക് സ്വന്തത്തെ കുറിച്ച് ആലോചിച്ചാല്‍ മതി -തുര്‍ക്കിയിലൂടെ കൈക്കുഞ്ഞുമായി യാത്ര ചെയ്ത് ഈ ക്യാമ്പില്‍ എത്തിയ 25കാരിയായ നഈമക്കും പറയാന്‍ സമാനമായ ദുരിതങ്ങളുടെ കഥകള്‍ മാത്രം. തന്‍്റെ കയ്യില്‍ നിന്നെവിടെയെങ്കിലും കുഞ്ഞ് നഷ്ടപ്പെട്ടുപോവുമോ എന്ന ആദിയില്‍ ആണ് അവരുടെ ഓരോ യാത്രകളും. രാവും പകലും ഈ ചിന്ത അവരെ വേട്ടയാടുന്നു.
അഭയാര്‍ത്ഥി സ്ത്രീകള്‍ നേരിടുന്ന ഭീതിദമായ അവസ്ഥയും അപകടങ്ങളും യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെയും ആംനസ്റ്റി ഇന്‍്റര്‍നാഷണലിന്‍്റെയും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അവര്‍ക്കു വേണ്ട അടിസ്ഥാന ആവശ്യങ്ങള്‍കൂടി ലഭ്യമാക്കുന്നതില്‍ യൂറോപ് പരാജയപ്പെട്ടിരിക്കുകയാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തുന്നു.  യൂറോപിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍  ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ വര്‍ധന ഈ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ യാത്രികരായ സ്ത്രീകളുടെ കൃത്യമായ കണക്കുകള്‍ പോലുമില്ല.  എന്നാല്‍, കഴിഞ്ഞ വേനലില്‍ യു.എന്‍.എച്ച്.സി.ആര്‍ പുറത്തുവിട്ട കണക്കനുസരിച്ച് മൊത്തം അഭയാര്‍ഥികളില്‍ 55 ശതമാനം സ്ത്രീകളും കുട്ടികളും ആണെന്ന് പറയുന്നു. യാത്രയില്‍ ഉടനീളം ഇവര്‍ക്കു നേരെ പലവിധ പകടങ്ങള്‍ പതിയിരിക്കുന്നു. സ്ത്രീകള്‍ കൊള്ളയടിക്കപ്പെടുകയില്ളെന്ന ധാരണയില്‍ പുരുഷന്‍മാര്‍ പണം സ്ത്രീകളെ ഏല്‍പിക്കുന്നു. ഇത് ഇവര്‍ക്കു നേരെയുള്ള അക്രമ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. സിറിയയില്‍ നിന്നുള്ള ഒരു സ്ത്രീയെ കൊള്ളയടിച്ച സംഘം അവരുടെ തൊണ്ട കീറിക്കളഞ്ഞത് തന്‍റെ ഭര്‍ത്താവ് കണ്ണുകൊണ്ട് കണ്ടുവെന്ന് മറ്റൊരു സ്ത്രീ വിവരിക്കുന്നു. മനുഷ്യക്കടത്തുകാരാലും അക്രമികളാലും ക്രൂര ബലാല്‍സംഘത്തിനിരകളാവുന്നവരുടെ എണ്ണത്തിനും കണക്കില്ല.
കുറഞ്ഞ കാശിന് അതിര്‍ത്തി കടത്തിക്കൊടുക്കാമെന്നതിന് പകരമായി ചിലര്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നത് അവരുമായുള്ള ശാരീരിക ബന്ധമാണ്.  പല അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും കിടക്കുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതും കുളിക്കുന്നതുമെല്ലാം ഒരേ സ്ഥലത്താണെന്നും ആംനസ്റ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ടോയ്ലറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ പലരും ഭക്ഷണം പോലും കഴിക്കാതെയാണ് ഇവിടങ്ങളില്‍ കഴിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.