വെടിയുണ്ടയിലൊടുങ്ങിയത് ബ്രിട്ടന്‍െറ ഭാവിവാഗ്ദാനം

ലണ്ടന്‍:എല്ലാ വര്‍ഷവും ഗ്രീഷ്മകാലത്ത് ജോ കോക്സും ഭര്‍ത്താവും നൂറിലേറെ അതിഥികളെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. ഈ വര്‍ഷവും അത് മുടങ്ങാതെ നടന്നു. ഇക്കഴിഞ്ഞ വാരാദ്യത്തില്‍, ജോ കോക്സിന്‍െറ 42ാം പിറന്നാളിന് തൊട്ടുമുമ്പ്. ‘സന്തോഷത്തിന്‍െറ ദിനരാത്രങ്ങള്‍ അസ്തമിച്ചു. ഇനി ഞാനും മക്കളും ജീവിതത്തിന്‍െറ അടുത്ത  അധ്യായം  ജോയില്ലാതെ ജീവിച്ചു തീര്‍ക്കണം. ഞങ്ങളെ സംബന്ധിച്ച് ഏറ്റവും കഠിനമാണത്’ -ഇതായിരുന്നു മരണവിവരമറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ബ്രെന്ദാന്‍ കോക്സിന്‍െറ പ്രതികരണം. അസാമാന്യ രീതിയില്‍ ജീവിച്ചിരുന്ന ഈ ദമ്പതികളെ കിറുക്കന്മാര്‍ എന്നായിരുന്നു സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചിരുന്നത്.

ലേബര്‍ പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരമായിരുന്നു ജോ. രാഷ്ട്രീയ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന വാഗ്ദാനം.  രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലായിരുന്നില്ല ജോയുടെ ജനനം.  ഫാക്ടറി ജീവനക്കാരനായിരുന്നു പിതാവ് ഗോര്‍ദന്‍. അച്ഛനുമമ്മക്കുമൊപ്പം ഇംഗ്ളണ്ടിലെ ഹെക്മന്ദ്
വൈകിലായിരുന്നു അവരുടെ ബാല്യകാലം.

അവധിക്കാലങ്ങളില്‍ പിതാവ് ജോലിചെയ്ത ടൂത്ത്പേസ്റ്റ് ഫാക്ടറിയില്‍ കറങ്ങിനടക്കുമായിരുന്നു.  പ്രാദേശിക സ്കൂളുകളില്‍ പഠിച്ച ജോയുടെ ജീവിതത്തില്‍ വഴിത്തിരിവായത് കേംബ്രിജ് സര്‍വകലാശാലയിലെ പഠനമാണ്. നേരെചൊവ്വേ സംസാരിക്കാന്‍പോലും അറിയാത്ത ജോയുടെ  ജീവിതം പാടേ മാറി. രാഷ്ട്രീയത്തിലും സാമൂഹിക സേവനരംഗങ്ങളിലും ജോ തല്‍പരയായി.

വികസ്വരരാജ്യങ്ങളിലെ സന്നദ്ധസേവകയായിട്ടായിരുന്നു ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് അനീതിക്കും അസമത്വത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം എന്ന അന്താരാഷ്ട്ര സംഘടനയുടെ തലപ്പത്തത്തെി. സാമൂഹിക സേവനരംഗത്ത് പ്രതിബദ്ധതയുള്ള ആക്ടിവിസ്റ്റാണ് ജോ എന്നാണ്  സഹപ്രവര്‍ത്തകരുടെ അഭിപ്രായം. ജോയുടെ വിനയവും ദയാവായ്പും ബുദ്ധികൂര്‍മതയും ഓക്സാഫാമിന്‍െറ  വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കി. മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിന്‍െറ ഭാര്യ സാറയുടെ ഉപദേഷ്ടാവായും  ജോലി ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനും അവര്‍ പ്രവര്‍ത്തിച്ചു. പാര്‍ലമെന്‍റിലേക്ക് കൂടുതല്‍ വനിതകളെ സംഭാവന ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചു. അതിനായി വനിതകള്‍ക്ക് പ്രത്യേക പരിശീലനവും നടത്തിയിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പിലാണ് ലേബര്‍ പാര്‍ട്ടിയുടെ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്.  സിറിയയില്‍ ബ്രിട്ടന്‍ സൈനിക നീക്കത്തിന് തയാറെടുത്തപ്പോള്‍  ലേബര്‍ പാര്‍ട്ടി അതിനെതിരെ നിലകൊണ്ടു.

എന്നാല്‍, സിറിയയിലെ മാനുഷിക ദുരന്തം കണക്കിലെടുത്ത് ബ്രിട്ടന്‍ ഇടപെടേണ്ടത് ആവശ്യമെന്നായിരുന്നു അവരുടെ വാദം. ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍െറ വാദങ്ങളെ ഇക്കാര്യത്തില്‍ അവര്‍ ഖണ്ഡിച്ചു. ഈ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പിലും അവര്‍ നിലപാട് ആവര്‍ത്തിച്ചു. ‘നിരപരാധികളായ സിവിലിയന്മാര്‍ കൊല്ലപ്പെടുമ്പോള്‍ ഒരിടത്ത് മാറിനില്‍ക്കുന്നത് അനീതിയാണ്. ബോസ്നിയയുടെയും റുവാണ്ടയുടെയും കാര്യത്തില്‍ കാണിച്ച സമീപനം സിറിയയിലും വേണം’ -അവര്‍ വാദിച്ചു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകരുതെന്ന അഭിപ്രായമായിരുന്നു അവര്‍ക്ക്.
അഭയാര്‍ഥികളോട് എന്നും ഉദാരനയം സ്വീകരിച്ച ജോ കുടിയേറ്റത്തിന്‍െറ നേട്ടങ്ങളെക്കുറിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ വാചാലയാവുമായിരുന്നു.
ബ്രിട്ടന്‍ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കണം. പാകിസ്താനില്‍നിന്നും ഇന്ത്യയിലെ ഗുജറാത്തില്‍നിന്നും കശ്മീരില്‍നിന്നുമുള്ള മുസ്ലിം സഹോദരര്‍ ഇവിടേക്ക് വരുന്നതില്‍ ഇഷ്ടക്കേട് കാണിക്കേണ്ടതില്ളെന്നും അവര്‍ ഊന്നിപ്പറഞ്ഞു. അതോടൊപ്പം യൂറോപ്പില്‍ കെട്ടിക്കിടക്കുന്ന അനാഥരായ അഭയാര്‍ഥിക്കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്നതിന് പാര്‍ലമെന്‍റിന്‍െറ പിന്തുണ നേടാനുള്ള ശ്രമത്തിലായിരുന്നു അവര്‍.
  (കടപ്പാട്: ദ ഗാര്‍ഡിയന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.